Business

മലയാളി രാജ് സുബ്രഹ്മണ്യം ഫെഡ്എക്‌സ് സിഇഒ

ടെന്നസി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ്എക്‌സിന്റെ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം 1991ല്‍ ആണ് ഫെഡ്എക്‌സില്‍ എത്തുന്നത്. ഫെഡ്എക്‌സിന്റെ സ്ഥാപകന്‍ ഫ്രെഡറിക് സ്മിത്ത് ജൂണില്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് സുബ്രമഹ്ണ്യത്തിന്റെ നിയമനം.

നിലവില്‍ ഫെഡ്എക്‌സ് കോര്‍പറേഷനിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് 56 വയസുകാരനായ സുബ്രഹ്മണ്യം. ഫെഡ്എക്‌സ് എക്‌സ്പ്രസിന്റെ പ്രസിഡന്റ്, സിഇഒ എന്നീ സ്ഥാനങ്ങളും ഫെഡ്എക്‌സ് കോര്‍പറേഷന്റെ വൈസ് പ്രസിഡന്റ്, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഐടി ബോംബെയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1989ല്‍ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായാണ് സുബ്രഹ്മണ്യം യുഎസില്‍ എത്തിയത്.

Signature-ad

പോസ്റ്റ് ഓഫീസുകളെക്കാള്‍ വേഗത്തില്‍ പാര്‍സലുകളും ഡോക്യുമെന്റുകളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1973ല്‍ ഫ്രഡറിക് സ്മിത്ത് തുടങ്ങിയ സംരംഭം ആണ് ഫെഡ്എക്‌സ്. ടെന്നസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്ന് ആഗോളതലത്തില്‍ 600,000 ജീവനക്കാരുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സിഇഒ ആയി സുബ്രഹ്മണ്യത്തെ നിയമിക്കണമെന്ന് ഏതാനും വര്‍ഷം മുമ്പ് തന്നെ ബോര്‍ഡ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്ന് സ്മിത്ത് വ്യക്തമാക്കി. അതേസമയം 77കാരനായ സ്മിത്ത് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി കമ്പനിയില്‍ തുടരും.

 

Back to top button
error: