ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി ‘രാജാക്കന്മാരുടെ നാട്’ എന്നറിയപ്പെടുന്ന രാജസ്ഥാനിൽ,കാലത്തെ വെല്ലുന്ന പ്രൗഡിയോടെ നിലകൊള്ളുന്ന കോട്ടകളും മറ്റ് നിർമ്മിതികളും തന്നെയാണ് പ്രധാന കാഴ്ചകൾ.അല്ലെങ്കിൽ പോയ രാജവാഴ്ച കാലത്തെ സമൃദ്ധിയും ആഡംബരവും എന്തിലുമേതിലും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകൾ. ഇവ തൊട്ടറിയാനും രൂപഭംഗിയാല്‍ കൊത്തിവച്ച ഈ മായാലോകത്തിന്റെ ഭംഗി ആവോളം നുകരാനും ഒത്തിരിയേറെ യാത്രികര്‍ അനുദിനം ഇവിടെയെത്തിച്ചേരുന്നുണ്ട്.
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ആണ് രാജസ്ഥാന്റെ തലസ്ഥാനം.രാജസ്ഥാന്റെ വടക്ക് പടിഞ്ഞാറു ഭാഗം വിശാലമായ താര്‍ മരുഭൂമിയാണ്. ഇവിടുത്തെ ഒരേയൊരു ഹില്‍ സ്റ്റേഷന്‍ ആണ് ആരവല്ലി നിരകളില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് അബു.പുരാതന ശില്പകലയുടെ മാസ്മരികഭാവങ്ങള്‍ സ്പുരിക്കുന്നു ഇവിടുത്തെ കൊട്ടാരക്കെട്ടുകളിലും ഹവേലികളിലും. എത്ര കണ്ടാലും മതി വരാത്തത്ര ഈ മനോഹര കാഴ്ചകള്‍ ചേര്‍ന്നാണ് രാജസ്ഥാനെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്.ഹോളി,തീജ്,ദീപാവലി,ദേവ് നാരായന്‍ ജയന്തി,സംക്രാന്തി,ജന്മാഷ്ടമി ഇവയൊക്കെയാണ് ഇവിടെ ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങള്‍. വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന രാജസ്ഥാനി ഡിസേര്‍ട്ട് ഫെസ്റിവല്‍,കാമല്‍ ഫെയര്‍,ക്യാറ്റില്‍ ഫെയര്‍ എന്നിവയും യാത്രികരില്‍ കൗതുകമുണര്‍ത്തുന്നു.
രാജാക്കന്‍മാരുടെ നഗരം ആയതു കൊണ്ട് തന്നെ സ്വാഭാവികമായും ഇതു കൊട്ടാരങ്ങളുടെയും കൂടി നഗരമാണ്. ദൃശ്യഭംഗിയും രൂപ സൗകുമാര്യവും തുളുമ്പി നില്‍ക്കുന്ന ഇവിടുത്തെ എല്ലാ പ്രദേശങ്ങളും സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങള്‍ തന്നെയാണ്. ജയ്പൂര്‍,ഉദയ് പൂര്‍,ജോധ്പൂര്‍, ജയ്സാല്‍ മര്‍,ബിക്കാനീർ,അൽവാർ, അജ്മീർ,കോട്ട, പുഷ്കർ എന്നിവയാണ് ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ.പിന്നെ ബന്സര,ഭരത് പൂര്‍,ബുന്ദി,വിരാട്ട് നഗര്‍,സരിസ്ക, ശേഖാവതി, കൂടാതെ 1971-ൽ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം നടന്ന ലോംഗേവാല എന്നിവയും യാത്രികരുടെ ഇഷ്ട സ്ഥലങ്ങളില്‍ പെടുന്നു.വന്യജീവികള്‍ സ്വര്യ വിഹാരം നടത്തുന്ന രന്തംബോര്‍ നാഷണല്‍ പാര്‍ക്ക്,സരിസ്ക കടുവാ സങ്കേതം ,ധാര വന്യജീവി സങ്കേതം,കുംഭാല്‍ ഗര്‍ഹ് വന്യജീവി സങ്കേതം എന്നിവ പ്രകൃതി സ്നേഹികള്‍ക്ക് ആവേശം പകരുന്നു. തീര്‍ത്ഥാടകര്‍ക്കായി ഒട്ടനേകം ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും ഇവിടെ നില കൊള്ളുന്നുണ്ട്. ചരിത്രകുതുകികളേയും പഴമയുടെ തനിമ തേടുന്നവരേയും തൃപ്തിപ്പെടുത്താന്‍ ഇതിലും പറ്റിയ സ്ഥലം ഇന്ത്യയിൽ വേറെയില്ലെന്നു തന്നെ പറയാം.