അന്‍പതോളം കഞ്ചാവ് പൊതികളുമായി ഒരാള്‍ പിടിയില്‍; പിടിയിലായത് ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെയാള്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുള്‍പ്പെട്ട ഒരാള്‍ പിടിയിലായി. കോഴിക്കോട് കോളത്തറ കണ്ണാടി കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല മജീദ് – 55) ആണ് കസബ പോലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും (ഡന്‍സാഫും) സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച അന്‍പതോളം കഞ്ചാവ് പൊതികളാണ് പ്രതിയില്‍ നിന്നും അന്വേഷണസംഘം കണ്ടെടുത്തത്.
മുന്നൂറ് ഗ്രാം കഞ്ചാവുണ്ടായിരുന്നു. അഞ്ഞൂറ് രൂപ മുതല്‍ ആയിരം രൂപ വരെ ഈടാക്കിയാണ് ഇത്തരം പാക്കറ്റുകള്‍ വില്‍പന നടത്തുന്നത്. ആന്ധ്രയിലെ രാജമുദ്രിയില്‍ നിന്നും ഇടനിലക്കാരാണ് കഞ്ചാവ് ഇത്തരം റീട്ടെയില്‍ വില്‍പനക്കാരില്‍ എത്തിക്കുന്നത്. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന നാല് കിലോഗ്രാം കഞ്ചാവ് ഡന്‍സാഫിന്റെ നേതൃത്വത്തില്‍ എലത്തൂര്‍ പൊലീസ് പിടികൂടിയതിനു പുറകെയാണ് ഈ അറസ്റ്റ്. അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറിനാണ് ഡന്‍സാഫിന്റെ ചുമതല.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കസബ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് ഡന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡന്‍സാഫ് അംഗമായ കാരയില്‍ സുനോജ്, കസബ പൊലീസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.സജീവന്‍, പി.മനോജ്, എ. അജയന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.