IndiaNEWS

പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് കാര്‍ എത്തിക്കും; ഉറപ്പുമായി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനം ഇന്നും സാധാരണക്കാരന് അന്യമായി തുടരുന്നതിനുള്ള പ്രധാന കാരണം ഇവയുടെ ഉയര്‍ന്ന വിലയാണ്. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2023-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെ വില കുറച്ചുകൊണ്ട് വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പെട്രോള്‍ കാറുകളുടെ വിലയിലേക്ക് ഇലക്ട്രിക് കാറിന്റെ വിലയും എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. ഇലക്ട്രിക് കാറുകള്‍ക്കായി പുതിയ സാങ്കേതികവിദ്യകളുടെയും ഗ്രീന്‍ ഫ്യൂവലുകളുടെയും കണ്ടുപിടിത്തവും വരുന്നതോടെ വാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സാഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Signature-ad

ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകണമെങ്കില്‍ ആദ്യം ലിഥിയം അയേണ്‍ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാകണം. വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സിങ്ക്-അയേണ്‍, സോഡിയം-അയേണ്‍, അലുമിനിയം-അയേണ്‍ തുടങ്ങിയ ബാറ്ററികള്‍ ഒരുങ്ങുകയും ഇവ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നതോടെ ഇത്തരം വാഹനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നുമാണ് സൂചനകള്‍.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, ഫ്ളെക്സ് ഫ്യുവല്‍ പോലുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണമുണ്ടാക്കുന്ന എമിഷനുകള്‍ ഒഴിവാക്കുന്നതിനും അതുവഴിയുള്ള മലിനീകരണങ്ങള്‍ കുറയ്ക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വായുമലിനീകരണ തോത് ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

വാഹനങ്ങളിലെ ഇന്ധനമെന്ന നിലയില്‍ ഹൈഡ്രജന്റെ ഉപയോഗം വളരെ നവീനമായ ആശയമാണെന്ന് നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ഹൈഡ്രജന്‍ ഇന്ധമാകുന്ന വാഹനങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം എം.പിമാരോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ വാഹനമായി ടൊയോട്ടയുടെ മിറായ് അദ്ദേഹം ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

Back to top button
error: