ന്യൂഡൽഹി:മരങ്ങളെ രക്ഷിക്കാന്‍ ഇനി ആംബുലന്‍സ് സര്‍വീസും.ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് മരങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ഡല്‍ഹിയിലെ മറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളായ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇതിനകം തന്നെ മരങ്ങള്‍ക്കായുള്ള ആംബുലന്‍സ് സര്‍വീസ് നടപ്പാക്കിയിട്ടുണ്ട്.
നഗര വനത്‌കരണത്തില്‍ പുതിയ മാതൃകയാണ് ഡല്‍ഹിയിലെ കോര്‍പ്പറേഷനുകള്‍ ഇങ്ങനെ സൃഷ്ടിക്കുന്നത്. ഏതെങ്കിലും ഒരു മരം ഉണങ്ങി കടപുഴകാറായിട്ടുണ്ടെന്ന് വിവരം ലഭിക്കുമ്ബോള്‍ ആംബുലന്‍സ് അതിനെ രക്ഷിക്കാനായി അവിടെ എത്തും.ഉണക്ക് ബാധിച്ച മരങ്ങളെ രക്ഷിക്കാനായി ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
ഇതിനായി ഉണക്ക് ബാധിച്ച് മരത്തിന്‍റെ പൊള്ളയായ ഭാഗം ആദ്യം വെള്ളമുപയോഗിച്ച് വൃത്തിയാക്കുന്നു. തുടര്‍ന്ന് മരത്തിന്‍റെ മരിച്ച കോശങ്ങള്‍ ചെത്തി മാറ്റുന്നു.അതിനുശേഷം കീടനാശിനി ഉപയോഗിച്ച് രോഗാണുമുക്തമാക്കുകയും പൊള്ളയായ ഭാഗത്ത് സിമന്‍റ് നിറച്ച തെര്‍മോകോള്‍ വെക്കുകയും ചെയ്യുന്നു. മരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ വായു സഞ്ചാരം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഈ പ്രക്രീയയിലൂടെ മരത്തിന്‍റെ ഉണങ്ങിയ ഭാഗങ്ങളില്‍ പുതിയ കോശങ്ങള്‍ ഉണ്ടാകുകയും ശിഖിരം വീണ്ടും ശക്തമാകുകയും ചെയ്യുമെന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പറയുന്നു.