IndiaNEWSSports

അടിച്ചുകയറിയ ബാംഗ്ലൂരിനെ ജയിച്ചുകയറി പഞ്ചാബ്

മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ജയിച്ചുകയറിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രജപക്സ എന്നിവര്‍ പഞ്ചാബിനായി മികച്ച തുടക്കമിട്ടപ്പോള്‍ വാലറ്റത്ത് തകര്‍ത്തടിച്ച ഒഡീന്‍ സ്മിത്താണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിനായി മായങ്ക് – ധവാന്‍ ഓപ്പണിങ് സഖ്യം 43 പന്തില്‍ നിന്ന് 71 റണ്‍സ് അടിച്ചുകൂട്ടി മിന്നുന്ന തുടക്കം സമ്മാനിച്ചു. മായങ്ക് 24 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 32 റണ്‍സെടുത്ത് മടങ്ങി. ധവാന്‍ 29 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്തു.

Signature-ad

തുടര്‍ന്ന് ക്രീസിലെത്തിയ ഭാനുക രജപക്സ വെറും 22 പന്തില്‍ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 43 റണ്‍സ് നേടി. എന്നാല്‍ 14-ാം ഓവറില്‍ തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ രജപക്സയേയും യുവതാരം രാജ് ബവയേയും മടക്കി മുഹമ്മദ് സിറാജ് പഞ്ചാബിനെ ഞെട്ടിച്ചു. എന്നാല്‍ 10 പന്തില്‍ നിന്ന് 19 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണ്‍, 20 പന്തില്‍ നിന്ന് 24 റണ്‍സടിച്ച ഷാരൂഖ് ഖാന്‍, വെറും എട്ടു പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ഒഡീന്‍ സ്മിത്ത് എന്നിവരുടെ മികവില്‍ പഞ്ചാബ് ആറു പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി.

നേരത്തെ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് അടിച്ചെടുത്തിരുന്നു. സിക്‌സര്‍ മഴ പെയ്യിച്ച ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ ബാറ്റിങ്ങാണ് ബാംഗ്ലൂരിനെ കൂറ്റന്‍ സ്‌കോറിലേത്തിച്ചത്. ഡു പ്ലെസി 57 പന്തില്‍ മൂന്നു ഫോറും ഏഴു സിക്‌സുമായി 88 റണ്‍സ് അടിച്ചെടുത്തു. അനൂജ് റാവതുമായി ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സെടുത്ത അനൂജിനെ പുറത്താക്കി രാഹുല്‍ ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡു പ്ലെസിയും വിരാട് കോലിയും ഒത്തുചേര്‍ന്നു. ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡു പ്ലെസിയെ അര്‍ഷദീപ് സിങ്ങ് പുറത്താക്കിയതോടെ അടുത്ത ഊഴം കോലി-ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടിനായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ വഴിപിരിയാതെ 37 റണ്‍സ് അടിച്ചെടുത്തു. 29 പന്തില്‍ ഒരു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ കോലി 41 റണ്‍സ് നേടി. കാര്‍ത്തിക് 14 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 32 റണ്‍സെടുത്തു.

 

Back to top button
error: