ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലില്‍ അടയ്ക്കില്ല; ക്യാമ്പുകളിലേക്ക് മാറ്റും
ചെന്നൈ: ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ പുലര്‍ച്ചെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചിട്ടുണ്ട്.
നേരത്തെ, അഭയാര്‍ത്ഥികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയില്‍ 67 ക്യാമ്പുകള്‍ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേര്‍ അഭയാര്‍ത്ഥികളായി എത്തുമെന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തല്‍. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസസിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്‌നാട് തീരത്ത് ജാഗ്രത തുടരുന്നുണ്ട്.
തീരസംരക്ഷണ സേനയും തമിഴ്‌നാട് പോലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാത്രം കടല്‍ദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ പാക് കടലിടുക്കിലെ യാനങ്ങളേയും കോസ്റ്റ്ഗാര്‍ഡ് നിരീക്ഷിക്കുന്നുണ്ട്. രാമേശ്വരത്തിന് സമീപമുള്ള ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ ആരെങ്കിലും നിലവില്‍ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.