Business

രൂപ-റൂബിള്‍ ഇടപാട്: വിദേശ കറന്‍സിയുമായി ഇടപാട് പെഗ് ചെയ്തേക്കും

ന്യൂഡല്‍ഹി: പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരേ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ വിശ്വസ്ത പങ്കാളികളില്‍ ഒരാളാണ് റഷ്യ. അതുകൊണ്ടാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശ നടപടിയെ ഐക്യരാഷ്ട സഭയില്‍ പോലും ഇതുവരെ ഇന്ത്യ തള്ളിപ്പറയാത്തത്. ഇന്ത്യന്‍ രൂപയും റഷ്യന്‍ കറന്‍സിയും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് ഈ മാസം ആദ്യം കൈമാറിയിരുന്നു.

രൂപ-റൂബിള്‍ ഇടപാടില്‍ നഷ്ടമുണ്ടാകാതിരിക്കാന്‍ മറ്റൊരു വിദേശ കറന്‍സിയുമായി ഇടപാട് പെഗ് (മറ്റൊരു കറന്‍സിയുടെ വില ആധാരമാക്കി) ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു റൂബിള്‍ എത്ര ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണെന്ന് തീരുമാനിക്കാന്‍ യൂറോ ആല്ലെങ്കില്‍ യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയേക്കും. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റൂബിള്‍ വില ഇടിയുന്നത് കൊണ്ട് വില സ്ഥിരമായി നിശ്ചയിക്കില്ല. വിഷയത്തില്‍ എസ്ബിഐ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് റിസര്‍വ് ബാങ്ക് അഭിപ്രായം തേടിയിട്ടുണ്ട്.

Signature-ad

2022ല്‍ ഇതുവരെ ഡോളറിനെതിരെ 38 ശതമാനം ആണ് റൂബിള്‍ വില ഇടിഞ്ഞത്. അതേ സമയം റൂബിളിനെതിരെ ഇന്ത്യന്‍ കറന്‍സി 26 ശതമാനം ഉയര്‍ച്ച ഇക്കാലയളവില്‍ നേടി. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. യുഎസ് നിലപാടിന് വിരുദ്ധമായാണ് റഷ്യയില്‍ നിന്ന് ഇന്ത്യ, എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചത്.

1991ല്‍ യുഎസ്എസ്ആര്‍ തകരുന്നത് വരെ ഇരു രാജ്യങ്ങളും സ്വന്തം കറന്‍സികളിലാണ് വ്യാപാരം നടത്തിയിരുന്നത്. രൂപ-റൂബ്ള്‍ വ്യാപാരം പുനസ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ 2009ലും റഷ്യ പരിശോധിച്ചിരുന്നു. 2021ല്‍ 6.9 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. തിരികെ 3.33 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി.

 

Back to top button
error: