യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാം- സെലെന്‍സ്‌കി
കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ സെലെന്‍സ്‌കി, യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പുതിന്‍ തയാറായാല്‍ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും വ്യക്തമാക്കി.
യുക്രെയ്‌നില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുതിന്‍ ഉറപ്പുനല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ചചെയ്യാം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യപ്പെടണമെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഈ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ താന്‍ തയ്യാറാണെന്ന് യുക്രൈനിയന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു.
‘ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പാശ്ചാത്യര്‍ക്കും സുരക്ഷ ആഗ്രഹിക്കുന്ന യുക്രൈനിനും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യയ്ക്കും’, വൊളോദിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പുടിനെ ഏത് വിധേനയും കാണാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഏത് തീരുമാനവും ഹിതപരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.