KeralaNEWS

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി പറഞ്ഞു.സെറ്റുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യൂ.സി.സി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി WCC യുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

WCC യുടെ ആവശ്യം ന്യായമാണെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കപ്പെട്ടിരുന്ന സംസ്ഥാന വനിതാ കമ്മീഷനും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് സംസ്ഥാന സർക്കാരും നിലപാടെടുത്തിരുന്നു.ഇതിന്‍റെ ഭാഗമായാണ് സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത്.

2018ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് ഡബ്ലൂസിസി ഹൈക്കോടതിയെ സമീപിച്ചത്.രാജ്യത്ത് നിലനില്‍ക്കുന്ന നിയമമനുസരിച്ച് ഏത് തൊഴില്‍ മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരേ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം.

സിനിമയില്‍ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നത്.അതിനാല്‍ ഈ നിയമം സിനിമാ മേഖലയ്ക്കും ബാധകമാണെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍,ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

വിശാഖാ കേസിലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാ സെറ്റുകളിലും അമ്മ ഉള്‍പ്പടെയുള്ള സിനിമാ സംഘടനകളിലും ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.പത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണം.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളെ കമ്മീഷന്‍ നേരിട്ട് കണ്ട് വിവരങ്ങൾ തേടിയിരുന്നു.മാത്രമല്ല സമിതിക്ക് മുന്നിൽ നിരവധി പരാതികള്‍ എത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്നും സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതിനിടയാണിപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഉത്തരവുണ്ടായിരിക്കുന്നത്.

Back to top button
error: