KeralaNEWS

ഭൈമീ കാമുകന്മാർ ഒരു ഡസനിലധികം, രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാതെ കോൺഗ്രസ് വിഷമവൃത്തത്തിൽ

എം.ലിജുവോ, ശ്രീനിവാസന്‍ കൃഷ്ണനോ, സതീശൻ പാച്ചേനിയോ, വി.ടി ബല്‍റാമോ, ഷാനിമോൾ ഉസ്മാനോ, കെ.വി തോമസോ, മുല്ലപ്പള്ളി രാമചന്ദ്രനോ, എം.എം ഹസനോ, ജെയ്സൺ ജോസഫോ, സോണി സെബാസ്റ്റ്യനോ അതല്ല സി.പി ജോണോ ആരായിരിക്കും കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുക…?
സംസ്ഥാന നേതൃത്വത്തിനോ പ്രവർത്തകർക്കോ പരിചിതനല്ലാത്ത നേതാക്കളുടെ പേരുകൾ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതിനു പിന്നാലെ
കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരന്‍ ഒരു ലിസ്റ്റുമായി ഇന്ന് സോണിയ ഗാന്ധിയെ കണ്ടു. ഇന്നലെ എം ലിജുവിനൊപ്പം രാഹുല്‍ ഗാന്ധിയെയും കെ.പി.സി.സി പ്രസിഡൻ്റ് കണ്ടിരുന്നു.

സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് റോബര്‍ട്ട് വധേരയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂര്‍ സ്വദേശിയുമായ ശ്രീനിവാസന്‍ കൃഷ്ണന്‍റെ പേര് സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത് ഇന്നലെയാണ്. കെ. കരുണാകരൻ കേന്ദ്രമന്ത്രിയായിരിക്കെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിതനായ വ്യക്തിയാണ് ശ്രീനിവാസൻ കൃഷ്ണൻ. ഇദ്ദേഹം പതിയെ ഗാന്ധി കുടുംബത്തിലെ വിശ്വസ്തരുടെ പട്ടികയിൽ ഇടം നേടുകയായിരുന്നു.

Signature-ad

സ്ഥാനാർഥിയെ കെട്ടിയിറക്കാനുള്ള ഹൈക്കമാൻഡിൻ്റെ ഈ നീക്കം തടയാൻ എം.ലിജുവിന്റെ പേരുമായി കെ.സുധാകരൻ നിലയുറപ്പിച്ചപ്പോൾ ആയുധങ്ങളുമേന്തി എതിർഗ്രൂപ്പുകളും അങ്കത്തിനിറങ്ങി. തുടർച്ചയായി തോറ്റവരെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരനും കെ.സി വേണുഗോപാലും എ.ഐ.സി.സിയെ സമീപിച്ചത് സുധാകരന്റെ നീക്കം പൊളിക്കാൻ തന്നെ. ഇതിനിടെ എം.എം ഹസൻ്റെ പേരുമായി എ ഗ്രൂപ്പും രംഗത്തെത്തി.

രാജ്യസഭയിലേക്ക് യുവ മുഖങ്ങളെ പ്രഖ്യാപിക്കാൻ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഒറ്റ യോഗം മതിയായിരുന്നെങ്കിൽ ഗ്രൂപ്പ് പോരിൽ ഒരു പേരിലേക്ക് എത്താനാകാതെ രാജ്യസഭ സ്ഥാനാർഥിക്കായി കോൺഗ്രസിൽ ഗ്രൂപ്പുകളുടെയും നേതാക്കളുടെയും വടംവലി.
എം.ലിജുവിനെ സ്ഥാനാർഥിയാക്കാൻ കെ.സുധാകരൻ തന്നെ നേരിട്ട് ഇറങ്ങിയത് ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. മൂന്നുതവണ തോറ്റ ലിജുവിനെയും നാലു തവണ വീതം പരാജയപ്പെട്ടിട്ടുള്ള സതീശൻ പാച്ചേനിയെയും ഷാനിമോൾ ഉസ്മാനെയും പരിഗണിക്കരുതെന്ന് ഏഴ് കെ.പി.സി.സി ഭാരവാഹികൾ എ.ഐ.സി.സിയോട് ആവശ്യപ്പെട്ടു.

ഇതേ നിലപാടുള്ള കെ.മുരളീധരൻ, തോറ്റവർ സ്വന്തം മണ്ഡലങ്ങളിൽ പോയി സജീവമാകണമെന്ന് സോണിയാഗാന്ധിക്കു കത്തയച്ചു. കെ.കരുണാകരൻ്റെ വിശ്വസ്തനായ എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന് വേണ്ടിയാണ് മുരളീധരന്റെ നീക്കമെന്നാണ് സൂചന.
2011ൽ മൽസരിച്ച് പരാജയപ്പെട്ട ജെയ്സൺ ജോസഫിന്റെയും സോണി സെബാസ്റ്റ്യന്റെയും പേരുകളും എം.എം ഹസനൊപ്പം എ ഗ്രൂപ്പ് കരുതിവച്ചിട്ടുണ്ട്.
എം.ലിജുവിന്റെ പേര് പരിഗണനാപ്പട്ടികയിൽ മുൻപന്തിയിലാണെന്ന് സൂചിപ്പിക്കുക വഴി സംസ്ഥാന നേതൃത്വത്തിന്റെ വികാരമാണ് സുധാകരൻ പരസ്യമാക്കിയത്.
യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരന്‍ പ്രതികരിക്കുകയും ചെയ്തു. പട്ടികയില്‍ ചര്‍ച്ച തുടരുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
ഇതിനിടെയാണ് ശ്രീനിവാസന്‍ കൃഷ്ണന്‍റെ പേര് ഹൈക്കമാന്‍ഡിന്‍റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്നത്. കേരളത്തില്‍ നിന്ന് വിജയസാധ്യതയുള്ള ഒരു സീറ്റാണ് കോണ്‍ഗ്രസിനുള്ളത്.

ഇതിനിടെ സി.എം.പി സീറ്റിനായി മുന്നണിയില്‍ നിന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത് പരിഗണിക്കേണ്ടതില്ലെന്ന് തന്നെയാണ് യു.ഡി.എഫ് തീരുമാനം. സി.എം.പിയില്‍ നിന്ന് സി പി ജോണിനെ പരിഗണിക്കണമെന്നാണ് ആവശ്യം.
വനിതകളെ പരിഗണിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഷാനിമോള്‍ ഉസ്മാന് നറുക്ക് വീഴാനാണ് സാധ്യത.
കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കാൻ മാനദണ്ഡം നിശ്ചയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇന്ന് ഡൽഹിയിൽ പറഞ്ഞു. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. സംസ്ഥാന നേതാക്കൾ കൂടിയാലോചിച്ച് മാനദണ്ഡങ്ങൾക്കു രൂപം നൽകും. അതിന്റെ അടിസ്ഥാനത്തിൽ നാളെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണു ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: