CrimeNEWS

അൻസി കബീറും അഞ്ജന ഷാജനും മരിച്ച വാഹനാപകടം, കാറിന്റെ ഡ്രൈവർ അബ്ദുൽ റഹ്മാൻ, സൈജു തങ്കച്ചൻ, റോയ് ജെ വയലാട്ട് എന്നിവർ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ

കൊച്ചി: ഡ്രൈവർ അബ്ദുൽ റഹ്മാൻ മദ്യപിച്ച് ശരവേഗത്തിൽ വാഹനമോടിച്ചതും, സൈജു തങ്കച്ചൻ ദുരുദ്ദേശത്തോടെ അതേവേഗത്തിൽ പിന്തുടർന്നതുമാണ് മിസ് കേരള ജേതാക്കളായ അൻസി കബീറും അഞ്ജന ഷാജനും വാഹനാപകടത്തിൽ കൊല്ലപ്പെടാൻ കാരണം. പ്രത്യേക അന്വേഷണ സംഘം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ എണ്ണമിട്ട് പറയുന്നത്. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട് ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരേയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ അബ്ദുൽ റഹ്മാനാണ് ഒന്നാം പ്രതി. വാഹനത്തെ അമിത വേഗത്തിൽ പിന്തുടർന്ന സൈജു തങ്കച്ചനാണ് രണ്ടാം പ്രതി. റോയ് ജെ വയലാട്ട് മൂന്നാം പ്രതിയും.

1120 പേജുള്ള കുറ്റപത്രത്തോടൊപ്പം
57 രേഖകളുമുണ്ട്. 2021 നവംബർ ഒന്നിന് പുലർച്ചെയാണ് മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ബൈപ്പാസിൽ പാലാരിവട്ടം ചക്കരപ്പറമ്പിലുണ്ടായത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തൃശ്ശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ, ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.

നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുൽ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു.

നമ്പര്‍ 18 ഹോട്ടലില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് റോയി വയലാട്ടും സൈജുവും മോഡലുകളോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെയാണ് എന്നും അന്വേഷണസംഘം പറയുന്നു. നമ്പര്‍ 18 ഹോട്ടലിലെ അഞ്ച് ജീവനക്കാരും കേസിലെ പ്രതികളാണ്. തെളിവ് നശിപ്പിച്ചതാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. റോയി വയലാട്ടിനെതിരേയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്.

അമിതവേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഇതേ തുടർന്നാണ് മോഡലുകള്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് മടങ്ങുകയായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നത്.
തുടര്‍ന്ന് ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

ദുരുദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ മോഡലുകളെ നിര്‍ബന്ധിച്ച സൈജുവിനും റോയിക്കുമെതിരെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ റോയിയുടെ നിര്‍ദേശപ്രകാരം കായലില്‍ ഉപേക്ഷിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്ക് എതിരെ തെളിവു നശിപ്പിച്ചതിനും കേസെടുത്തിരുന്നു.

സംഭവം നടന്ന് നാലു മാസങ്ങള്‍ക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Back to top button
error: