യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം മൂന്നാഴ്ച പിന്നിടുമ്പോള്‍ റഷ്യയ്‌ക്കെതിരായി യുക്രെയ്ന്‍ നല്‍കിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ നല്‍കിയ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വിധി പറയുക. യുക്രെയ്‌നിനെ റഷ്യ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ആക്രമണം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി നിയമവിരുദ്ധമായി യുദ്ധത്തിനെത്തുകയായിരുന്നെന്ന് യുക്രെയ്ന്‍, കോടതിയില്‍ പരാതിപ്പെട്ടു. റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ യുക്രെയ്ന്‍ വംശഹത്യ നടത്തുന്നതാണ് യുദ്ധമുണ്ടാവാന്‍ കാരണമെന്ന് റഷ്യ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും കുറ്റപ്പെടുത്തി.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുഎന്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കാനായാണ് ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി രൂപീകരിച്ചത്.