തിരുവനന്തപുരം: ആരോഗ്യമേഖലയുടെ വിഹിതം ബജറ്റിൽ വന്‍തോതില്‍ വര്‍ധിപ്പിച്ചു. ആരോഗ്യമേഖലയ്ക്ക് 2629 കോടി രൂപ അനുവദിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി, തിരുവനന്തപുരം ആര്‍.സി.സി.യെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്താൻ 81 കോടി, കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി, കാരുണ്യ പദ്ധതിക്ക് 500 കോടി, പാലിയേറ്റീവ് കെയര്‍ മേഖലയ്ക്ക് 5 കോടി ഇങ്ങനെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്ക് ബഡ്ജറ്റിൽ ഗണ്യമായ വിഹിതം നീക്കി വച്ചിട്ടുണ്ട്.
ഭൂനികുതിയിൽ എല്ലാ സ്ലാബുകളും പരിഷ്കരിക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ ബാലഗോപാൽ. ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ ന്യായവിലയിലെ അപാകതകൾ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപവത്കരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ പത്തുശതമാനം ഒറ്റത്തവണ വർധനവ് നടപ്പാക്കും. 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർപഠനം സാധ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടൽ ആവശ്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മടങ്ങിയെത്തിയ വിദ്യാർഥികളുടെ തുടർപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ പ്രവർത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.
ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
വിദേശരാജ്യങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോർക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ യുക്രൈനിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർഥികളുടെ കണക്ക് പുറത്തുവന്നപ്പോഴാണ് ഇത്തരമൊരു ഡാറ്റാബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. യുദ്ധഭൂമിയിൽ നിന്ന് 3123 പേരെ 15 ചാർട്ടേർഡ് വിമാനങ്ങളിൽ ഉൾപ്പെടെ സുരക്ഷിതമായി കേരളത്തിൽ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫ് മിഷൻ പദ്ധതിയിലൂടെ ഈ സാമ്പത്തിക വർഷം 106000 വീടുകൾ കൂടി നിർമിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിന് സൗകര്യമൊരുക്കാൻ 10 കോടിരൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ലൈഫ്മിഷൻ പദ്ധതിയിലൂടെ ഇതുവരെ 2,76,465 വീടുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഹഡ്കോയുടെ വായ്പ കൂടി ഉൾപ്പെടുത്തി പുതിയ സാമ്പത്തിക വർഷത്തിൽ 106000 വ്യക്തിഗത ഭവനങ്ങളും 2909 ഫ്ളാറ്റുകളും നിർമിക്കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള കേന്ദ്ര വിഹിതമായ 327 കോടി രൂപ ഉൾപ്പടെ ലൈഫ് പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണ്.
റീ ബിൽഡ് കേളയ്ക്ക് ഈ വർഷം 1600 കോടി രൂപയാണ് വകയിരുത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 507 കോടി മാറ്റിവച്ചു.
എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതിക്ക് പത്ത് കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ജങ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു.
തുറമുഖങ്ങൾ, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി രൂപ നീക്കിവെച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള 20 ജങ്ഷനുകൾ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയിൽ നിന്ന് ഈ വർഷം 200 കോടി നീക്കിവെച്ചു. ആറ് ബൈപാസുകൾ നിർമിക്കുന്നതിനായി 200 കോടി രൂപ മാറ്റിവെക്കും. തിരുവനന്തപുരം-അങ്കമാലി എം.സി റോഡിന്റേയും കൊല്ലം ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നൽകും.
സംസ്ഥാനം പ്രതിസന്ധികളുടെ നടുക്കയത്തിൽ നിൽക്കെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ മുന്നോട്ട് വെച്ചത്.
കേരള ടൂറിസത്തിന്റെ പ്രചാരം വർധിപ്പിക്കാൻ 80 കോടി രൂപയാണ് നീക്കിവെച്ചത്. ശബരിമല വിമാനത്താവളം പദ്ധതി സംസ്ഥാന ബജറ്റിൽ ധനമന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് പിൽഗ്രിം ടൂറിസത്തിന് ശക്തിപകരുന്നതാണ്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മുന്നോട്ട് വെച്ച കാരവൻ ടൂറിസം പദ്ധതിക്കും ബജറ്റിൽ ഇടം കിട്ടി. കാരവൻ പാർക്കുകൾക്ക് അഞ്ച് കോടി രൂപയാണ് നീക്കിവെച്ചത്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ ചാമ്പ്യൻസ് ട്രോഫി ബോട്ട് റേസിന്റെ വ്യാപനമാണ് ഇക്കുറി ബജറ്റിൽ വന്ന മറ്റൊരു പ്രഖ്യാപനം. ബോട്ട് റേസ് 12 ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ മുന്നേറ്റം സാധ്യമാക്കാനാണ് ശ്രമം. ഇതിനെല്ലാം പുറമെയാണ് സമുദ്ര വിനോദ സഞ്ചാരമെന്ന ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.