അപകട ഘട്ടങ്ങളില്‍ സഹായം തേടാന്‍ സ്ത്രീകളെ സഹായിക്കുന്ന ധാരാളം ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ഇത്തരം അഞ്ച് ആപ്പുകള്‍ പരിചയപ്പെടാം
രക്ഷ (RAKSHA)
ഈ ആപ്പ്, ഒരിക്കല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, കോളിങ് സംവിധാനവുമായി സ്വയം ബന്ധിക്കപ്പെടും. അതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോക്താവിനെ സംബന്ധിച്ച് സഹായം തേടുക എളുപ്പമാകും. ആപത്തുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് മുന്‍കൂട്ടി തെരഞ്ഞെടുത്തിട്ടുള്ള കോണ്‍ടാക്റ്റുകളിലേക്ക് അപായ സൂചന (Alert) അയയ്ക്കാന്‍ കഴിയും. കൂടാതെ, തെരഞ്ഞെടുത്ത കോണ്ടാക്റ്റുകള്ക്ക് നിങ്ങളുടെ ലൊക്കേഷനും കാണാനാകും. ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും, വോളിയം കീ മൂന്ന് സെക്കന്‍ഡ് അമര്‍ത്തിപ്പിടിച്ച് നിങ്ങള്‍ക്ക് അപായ സൂചനകള്‍ അയയ്ക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഇത് ചെയ്യാന്‍ കഴിയും.
സേഫ്റ്റിപിന്‍ (SAFETIPIN)
ഓരോ മിനുട്ടിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സമയങ്ങളില്‍ ഏറെ പ്രയോജനപ്പെടുന്ന ഒരു ആപ്പാണ് ഇത്. വളരെ പ്രധാപ്പെട്ട നിരവധി സവിശേഷതകള്‍ ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി കോണ്ടാക്റ്റ് നമ്ബറുകള്‍, ജിപിഎസ് ട്രാക്കിങ്, സുരക്ഷിത സ്ഥാനങ്ങള്‍ നിര്‍ദ്ദേശിക്കല്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഈ ആപ്ലിക്കേഷനെ മറ്റുള്ളവയേക്കാള്‍ ആകര്‍ഷകമാക്കി മാറ്റുന്നു. നിങ്ങള്‍ക്ക് പോകാനായി സുരക്ഷിതമായ സ്ഥലങ്ങള്‍ പിന് ചെയ്യുന്നതിനാലാണ് ഈ ആപ്പിനെ സേഫ്റ്റിപിന്‍ എന്ന് പേരുള്ളത്. സുരക്ഷിതമല്ലാത്ത സ്ഥലത്തേക്ക് പോകുന്നതില്‍ നിന്ന് ആപ്പ് നിങ്ങളെ തടയുകയും ചെയ്യുന്നു.
–
സ്മാര്‍ട്ട് 24×7 (SMART 24×7)
കോള്‍ സെന്റര്‍ പിന്തുണ, പെട്ടെന്ന് അപടക സൂചന (Panic Alert) അയയ്ക്കാനുള്ള സംവിധാനം എന്നിവ ഈ ആപ്പിന്റെ സവിശേഷതയാണ്. മാത്രമല്ല ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ എല്ലാ എമര്‍ജന്‍സി കോണ്‍ടാക്റ്റുകളുമായി വളരെ വേഗത്തില്‍ ബന്ധപ്പെടാന്‍ കഴിയും. സംശയകരമായ സാഹചര്യങ്ങളില്‍ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുന്നതിനും ഈ ചിത്രങ്ങള്‍ പോലീസിന് കൈമാറുന്നതിനും ആപ്ലിക്കേഷന്‍ പിന്തുണ നല്‍കുന്നുണ്ട്.
ബിസേഫ് (BSAFE)
വൈവിധ്യമാര്‍ന്ന നിരവധി സവിശേഷതകളോടെ എത്തുന്ന മറ്റൊരു ആപ്പാണിത്. നിങ്ങളുടെ എമര്‍ജന്‍സി കോണ്ടാക്റ്റില് ഉള്ളവരെ നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ അനുവദിക്കും. മാത്രമല്ല നിങ്ങളുടെ ചുറ്റുപാടുകളുടെ ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ എന്നിവ എടുത്ത് വിവിധ എമര്‍ജന്‍സി കോണ്‍ടാക്റ്റുകളിലേക്ക് അയയ്ക്കാനും ബിസേഫ് വഴി സാധിക്കും. കൂടാതെ ഇതില്‍ ഒരു വ്യാജ കോള്‍ ഓപ്ഷനുമുണ്ട്. നിങ്ങള്‍ ഒരു ഫോണ്‍ കോളിലാണെന്ന് നടിക്കാനും അപകടകരമായേക്കാവുന്ന സാഹചര്യത്തില്‍ നിന്ന് പുറത്തുകടക്കാനും ഇത് നിങ്ങളെ സഹായിക്കും.
ചില്ല (CHILLA)
അപകടാവസ്ഥകളില്‍ സഹായിക്കുന്ന മറ്റൊരു ആപ്പാണ് ചില്ല. ഇതില്‍ വളരെ നൂതനമായ ഒരു സവിശേഷതയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ആപ്പുകളെപ്പോലെ, ചില്ലയ്ക്കും ഒരു എമര്‍ജന്‍സി ബട്ടണ്‍ ഉണ്ട്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ആ ബട്ടണ്‍ അമര്‍ത്താന്‍ കഴിയാത്ത സാഹചര്യം ചിലപ്പോള്‍ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഉറക്കെ നിലവിളിക്കുക മാത്രമാണ്, ആപ്പ് സ്വയമേവ പ്രവര്‍ത്തനക്ഷമമാവുകയും എമര്‍ജന്‍സി കോണ്ടാക്റ്റുകള്ക്ക് അപായ സൂചനകള്‍ അയയ്ക്കുകയും ചെയ്യും.