Crime

സേലം ഗോകുല്‍രാജ് ദുരഭിമാനക്കൊലക്കേസ്: എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കോയമ്പത്തൂര്‍: സേലം ഗോകുല്‍രാജ് ദുരഭിമാനക്കൊലക്കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്. ഇതില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് മൂന്ന് ജീവപര്യന്തവും മറ്റ് എട്ട് പ്രതികള്‍ക്ക് ഒരു ജീവപര്യന്തം വീതവും ശിക്ഷവിധിച്ചു. മധുര എസ്.സി./എസ്.ടി. പ്രത്യേക കോടതി ജഡ്ജി സമ്പത്ത് കുമാറാണ് വിധി പ്രസ്താവിച്ചത്. ഒന്നാംപ്രതിയും ധീരന്‍ ചിന്നമലകൗണ്ടര്‍ പേരവൈ സ്ഥാപക നേതാവുമായ യുവരാജ്, ഇയാളുടെ കാര്‍ഡ്രൈവറായ അരുണ്‍ എന്നിവര്‍ക്കാണ് മൂന്ന് ജീവപര്യന്തം തടവ് ലഭിച്ചത്. മരണംവരെ കഠിനതടവ് അനുഭവിക്കണം.

Signature-ad

മറ്റുപ്രതികളായ കുമാര്‍ എന്ന ശിവകുമാര്‍, സതീഷ് കുമാര്‍, രഘു (ശ്രീധര്‍), രഞ്ജിത്ത്, സെല്‍വരാജ്, ചന്ദ്രശേഖരന്‍, പ്രഭു, ഗിരിധര്‍ എന്നിവര്‍ക്ക് ജീവപര്യന്തം കഠിനതടവും വിധിച്ചു. ഈ കേസിലെ പതിമൂന്നാംപ്രതി പ്രഭു, പതിനാലാം പ്രതി ഗിരിധര്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും കൂടുതലായി വിധിച്ചിട്ടുണ്ട്.

ഓമല്ലൂര്‍ ശാസ്താനഗറിലെ വെങ്കടാചലം-ചിത്ര ദമ്പതിമാരുടെ മകനായ ഗോകുല്‍രാജ് ജാതിവിവേചനത്തിനിരയായി മൃഗീയമായി കൊല്ലപ്പെട്ട കേസാണിത്. തിരുച്ചെങ്കോട് സ്വകാര്യ കോളേജില്‍ എന്‍ജിനീയറിങ് പഠനത്തിനിടെ സഹപാഠിയായ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. 2015 ജൂണ്‍ 23-ന് ക്ഷേത്രത്തില്‍ യുവതിയുമായി സംസാരിക്കുന്നതിനിടെ യുവരാജും സംഘവുമെത്തി ഗോകുല്‍രാജിനെ തട്ടിക്കൊണ്ടുപോവുകയും കഴുത്തുമുറിച്ച് കൊലപ്പെടുത്തി റെയില്‍വേട്രാക്കില്‍ തള്ളുകയുമായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്. ജാതിസംഘടനാ നേതാവെന്ന നിലയിലാണ് യുവരാജ് ഇതില്‍ ഇടപെട്ടത്.

നാമക്കല്‍ പ്രത്യേക കോടതിയില്‍നടന്ന വിചാരണയില്‍ 116 സാക്ഷികളില്‍ യുവതിയടക്കം പകുതിയോളം പേരും കൂറുമാറിയിരുന്നു. പിന്നീട് ഗോകുല്‍രാജിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക അഭിഭാഷകനെ ആവശ്യപ്പെടുകയും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് വഴിത്തിരിവായത്. കൊല, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കുക, സാക്ഷികളെ പ്രീണിപ്പിക്കുക തുടങ്ങി പ്രതികള്‍ക്കുമേല്‍ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചെന്ന് കോടതി വിലയിരുത്തി.

ജാതി വിവേചനത്തിന്റെ പേരില്‍ മകനെ നാവും കഴുത്തും അറുത്ത് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതികളെയെല്ലാം തൂക്കിക്കൊല്ലണമെന്ന് ഇരയായ ഗോകുല്‍രാജിന്റെ അമ്മ ചിത്ര കോടതിക്ക് പുറത്തുവെച്ച് ആവശ്യപ്പെട്ടു. വെറുതെവിട്ട അഞ്ച് പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കണമെന്നും മറ്റൊരമ്മയ്ക്കും ഇതുപോലൊരു സാഹചര്യം വരരുതെന്നും ചിത്ര കരഞ്ഞുകൊണ്ട് പറഞ്ഞു.

ജാതിവിവേചനത്തിനിരയായി കൊല്ലപ്പെട്ട ഗോകുല്‍രാജിന് നീതിലഭിച്ചെന്ന് ഹൈക്കോടതി നിയമിച്ച പ്രത്യേക അഭിഭാഷകന്‍ പി.പി. മോഹന്‍ അറിയിച്ചു. ദളിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കുംവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനാണ് ഭവാനി പി.മോഹന്‍. കോയമ്പത്തൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ ഗോകുല്‍രാജിന്റെ കുടുംബത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഹൈക്കോടതി ഈ കേസില്‍ നിയമിച്ചത്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: