KeralaNEWS

പാലക്കാട് നിന്നും അട്ടപ്പാടി വഴി ഊട്ടിയിലേക്ക്

മനോഹരമായ പാലക്കാട് -മണ്ണാർക്കാട്– മുള്ളി– മഞ്ചൂർ– ഊട്ടി റൂട്ടിനെപ്പറ്റി വായിച്ചറിയാം

 

മേട്ടുപാളയം- കൂനൂർ റൂട്ടിനേക്കാൾ മനോഹരമായ കാഴ്ചകളുള്ള മലമ്പ്രദേശത്തുകൂടി ഊട്ടിയിലേക്ക് പാലക്കാട് നിന്നും മറ്റൊരു റോഡുണ്ട്.മഞ്ഞണിഞ്ഞ ഊര് എന്നു മലയാളത്തിൽ പറയാവുന്ന ‘മഞ്ചൂർ’ വഴി.

 

മണ്ണാർക്കാട് കഴിഞ്ഞ് നെല്ലിപ്പുഴപ്പാലത്തിനടുത്തു നിന്നാണ് അട്ടപ്പാടിയിലേക്ക് വഴി തിരിയുന്നത്.നെല്ലിപ്പുഴ ജംക്‌ഷൻ കടന്നാൽ തെങ്കര.അതു കഴിഞ്ഞ് ആനമൂളി.അവിടം മുതൽ അട്ടപ്പാടിയിലേക്ക് ഹെയർപിൻ ആരംഭിക്കുന്നു.ഒമ്പതു ഹെയർപിൻ വളവുകൾ കടന്നാൽ മുക്കാലിയിലെത്താം.സൈലന്റ് വാലിയിലക്കുള്ള പ്രവേശന കവാടം മുക്കാലിയിലാണ്.ഇവിടെയുള്ള ഫോറസ്റ്റ് ഓഫിസിൽ നിന്ന് അനുമതി വാങ്ങിയ ശേഷമേ സൈലന്റ് വാലിയിലേക്കു പോകാൻ കഴിയൂ.നേരേ വച്ചു പിടിച്ചാൽ ചെമ്മണ്ണൂർ വഴി താവളം എന്ന സ്ഥലത്ത് എത്തിച്ചേരാം.

 

താവളത്തു നിന്ന് ഇടത്തോട്ടു ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ മഞ്ചൂരിലേക്കുള്ള റോഡായി.പുതൂർ പഞ്ചായത്തിലാണ് വഴി ചെന്നു ചേരുന്നത്.പുതൂരിൽ നിന്നു ചാവടിയൂരിലേക്കു കയറി, ഭവാനിപ്പുഴയുടെ തീരത്തുകൂടിയുള്ള യാത്ര പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവങ്ങളുടേതാകും.കാർഷിക സമൃദ്ധി, ആട്ടിൻപറ്റങ്ങളുമായി നീങ്ങുന്ന ആദിവാസികൾ, കഴുതകളെ മേയിച്ചുപോകുന്നവർ… ഇതെല്ലാം ഈ റൂട്ടിലെ സ്ഥിരം കാഴ്ചകളാണ്. കുറ്റിക്കാടുകളാണ് ഇവിടത്തെ മറ്റൊരു ആകർഷണം. ചെടിത്തലപ്പുകളിൽ വിവിധയിനം പക്ഷികളെ കാണാം.

 

കിളികളുടെ കളകളാരവം കേട്ട് ചാവടിയൂർ കടന്നു മുള്ളിയിലേക്കു പ്രവേശിക്കാം.കേരളം – തമിഴ്നാട് അതിർത്തിയാണു മുള്ളി. ഇവിടെയൊരു ചെക്പോസ്റ്റുണ്ട്.വണ്ടിയുടെ രേഖകളും ഡ്രൈവറുടെ ലൈസൻസും ഇവിടെ പരിശോധിക്കും.ആയുധങ്ങൾ, മദ്യം എന്നിവ ചെക്പോസ്റ്റ് കടത്തി വിടില്ല.മഞ്ചൂർ–കോയമ്പത്തൂർ റോഡിലൂടെയാണ് തുടർയാത്ര. പില്ലൂർ ഡാമിലേക്കു വഴി തിരിയുന്നത് ഇവിടെ നിന്നാണ്. നേരെ മഞ്ചൂർ റോഡിലൂടെ മുന്നോട്ടു നീങ്ങാം.അതോടെ നാട്ടിൻപുറങ്ങൾ അവസാനിച്ച് കാടിന്റെ കാഴ്ചകളിലേക്കു കടക്കും.റോഡ് വിജനം.ആനയും കാട്ടു പോത്തുമുള്ള കാടിനു നടുവിലൂടെയാണ് സഞ്ചാരം.അൽപ്പം മുന്നോട്ടു ചെന്നാൽ ഗദ്ദ ഡാം എന്നെഴുതിയ ബോർഡ് കാണാം.കനേഡിയൻ സഹായത്തോടെ നിർമിച്ചതാണ് ഇത്.കന്ത അണക്കെട്ടിൽ നിന്നുള്ള വെള്ളം പെൻസ്റ്റോക് പൈപ്പിൽ മലഞ്ചെരിവുകളിലൂടെ ഗദ്ദയിലെത്തിച്ച് അവിടെ നിന്നു പീലൂർ അണക്കെട്ടിലേക്കു വേറെ പൈപ്പിലൂടെ കൊണ്ടുപോകും.

 

ഗദ്ദയിൽ നിന്നാണ് മഞ്ചൂരിലേക്കുള്ള ഹെയർപിൻ ആരംഭിക്കുന്നത്.അവിടെ നിന്നു നാൽപ്പത്തിമൂന്നു കൊടും വളവുകൾക്കപ്പുറത്താണ് ഊട്ടിപ്പട്ടണം.കാട്ടുപോത്തുകളെയും ആനയേയുമൊക്കെ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഈ റൂട്ടിൽ കാണാം.

 

നാലഞ്ചു ചെറിയ കടകളും ലോ‍ഡ്ജും മാത്രമുള്ള നാട്ടിൻപുറമാണ് മഞ്ചൂർ.കോടമഞ്ഞിൽ പുതഞ്ഞ് നിരന്നു നിൽക്കുന്ന തേയിലച്ചെടികൾക്കിടയിലൂടെ മുന്നോട്ടു പോയാൽ കിണ്ണക്കരൈയിലേക്കും അപ്പർ ഭവാനിയിലേക്കും വഴി തിരിയുന്നിടത്ത് എത്താം.ചെറിയ ഗ്രാമമാണ് കിണ്ണക്കരൈയും.ചായത്തോട്ടവും അവിടെ ജോലി ചെയ്യുന്നവരെ ആശ്രയിച്ചു കഴിയുന്ന കുറച്ചു കടകളും മാത്രമാണ് ആ ഗ്രാമത്തിന്റെ മുഖം.ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മ ലയണ്ണാൻ എന്നിവയുടെ നിത്യസാന്നിധ്യമുള്ള സ്ഥലമാണ് കിണ്ണക്കരൈ.

 

കിണ്ണക്കരൈയിലേക്ക് തിരിയാതെ അപ്പർ ഭവാനി വഴിയാണ് പോകേണ്ടത്.ഇതുവഴി ഊട്ടിയിലേക്കുള്ള പാത അതിമനോഹരമാണ്.ഹെയർപിൻ വളവുകളിൽ നിന്നാൽ മഞ്ഞണിഞ്ഞ ഊട്ടിയെ മുഴുവനായും ക്യാമറയിൽ പകർത്താം.കുന്ത തടാകത്തിനു കുറുകെയുള്ള റോഡിലൂടെ പോയാൽ എമറാൾഡ് വഴി ഊട്ടി തടാകത്തിലെത്താം.
നമുക്ക് പരിചയമുള്ള മേട്ടുപാളയം- ഊട്ടി യാത്രകളെല്ലാം കൂനൂരിന്റെ ദൃശ്യഭംഗി ആസ്വദിച്ചുകൊണ്ടുള്ളതാണ്.പക്ഷേ, മഞ്ചൂരിന്റെ വഴിക്കാഴ്ചയോളം അതിന് സമൃദ്ധിയുണ്ടാകില്ല എന്നുമാത്രമല്ല അറുപത് കിലോമീറ്ററോളം ലാഭവും കിട്ടും.

 

ഭവാനി, വരഗയാർ നദികളിൽ തമിഴ്നാട് നിർമിച്ച ആറ് അണക്കെട്ടുകൾ ഈ വഴിയിൽ കാണാം എന്നതാണ് മറ്റൊരു പ്രത്യേകത. പില്ലൂർ, ഗദ്ദ, പറളി, അവലാഞ്ചി,എമറാൾഡ്, അപ്പർ ഭവാനി….എന്നിവയാണത്.

 

നോട്ട്: അട്ടപ്പാടി മുള്ളി ചെക്ക് പോസ്റ്റില്‍ നിന്നും തമിഴ്നാട് വനമേഖലയിലൂടെ മഞ്ചൂര്‍ വഴി ഊട്ടിക്ക് പോകുന്ന ഈ പാതയിൽ ഇപ്പോൾ തമിഴ്നാട് വനം വകുപ്പ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.അതിനാൽ അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രം യാത്രയ്ക്ക് ഈ റൂട്ട് തിരഞ്ഞെടുക്കുക

Back to top button
error: