CultureLIFE

കലയുടെ മാരിവില്ലൊരുക്കി ‘വേൾഡ് ഓഫ് വിമൻ 2022’ മാർച്ച് 8 മുതൽ

സർഗ്ഗാത്മകത മാരിവില്ലൊരുക്കുന്ന ‘വേൾഡ് ഓഫ് വിമെൻ 2022’-ന് ലോകവനിതാദിനത്തിൽ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ അരങ്ങുണരും. പ്രമുഖനർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യത്തോടെ തുടങ്ങുന്ന ഒരാഴ്ചത്തെ കലയുടെ പെൺപൊലിമ ഒരുക്കുന്നത് സംസ്ഥാനസർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജി(NCTICH)ന്റെ സഹകരണത്തോടെയാണ്.

കലോത്സവം ഡിജിപി ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. നാട്ടുവൈദ്യവിദുഷി പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. വൈക്കം വിജയ ലക്ഷ്മിയും അഖില ആനന്ദും ഇഷാൻ ദേവും ഒരുക്കുന്ന സംഗീതനിശയോടെ ആദ്യദിനത്തിനു തിരശീല വീഴും. എല്ലാ ദിവസവും വൈകിട്ട് 7 മുതലാണു പരിപാടി.

Signature-ad

മേളയിലെ പങ്കാളിത്തയിനമായ ത്രിദിന ഒഡീസി ശില്പശാലയ്ക്കും ആദ്യദിനം തുടക്കമാകും. ശില്പശാല നയിക്കുന്ന അട്ടാഷി മിശ്രയ്ക്കൊപ്പം ഇതിലെ പങ്കാളികൾക്കും കലാവിരുതു പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. താത്പര്യമുള്ളവർക്ക് 9288001155, 9288001198 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.

നാടകാഭിനേത്രി ശൈലജ പി. അമ്പുവും സംഘവും അവതരിപ്പിക്കുന്ന നവോത്ഥാനഗാനങ്ങളും നാടൻ‌പാട്ടുകളും ഭാവ്‌ന ദീക്ഷിതും സംഘവും അവതരിപ്പിക്കുന്ന മയൂരനൃത്തവുമാണ് രണ്ടാം‌ദിവസം. മൂന്നാം‌ദിവസമായ 10-ന് ദേവിക സജീവൻ ‘ഷെറോ’ എന്ന കണ്ടം‌പററി ഡാൻസാണ് ആദ്യം. തുടർന്ന് ശബ്‌നം റിയാസിന്റെ കവ്വാലി നിശയും.

രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ നാടകക്കൂട്ടായ്മയായ മഴവിൽധനിയുടെ ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകവും ഒഡീസി ശില്പശാലയിലെ പങ്കാളികൾക്കൊപ്പം അട്ടാഷി മിശ്ര അവതരിപ്പിക്കുന്ന ഒഡീസി നൃത്തവുമാണ് 11-ന്.

ഇന്ന് ഒരു കുടുംബം മാത്രം അവതരിപ്പിച്ചുവരുന്നതായി കരുതുന്ന ‘നോക്കുവിദ്യ’ എന്ന തനതുകലാരൂപമാണ് 12-ലെ മുഖ്യ ആകർഷണം. പദ്മശ്രീ നല്കി രാജ്യം ആദരിച്ച മൂഴിക്കൽ പങ്കജാക്ഷിയമ്മയും സംഘവുമാണ് അവതരിപ്പിക്കുന്നത്. തുടർന്ന് പദ്മശ്രീ പുരസ്കൃതരായ കമാലിനി അസ്താനയും നളിനി അസ്താനയും ചേർന്നൊരുക്കുന്ന കഥക് നൃത്തമാണ്.

വി-ഭാഗ് (V-BHAAG) മ്യൂസിക് ബാൻഡിനൊപ്പം സിന്ധു ഗിരീഷ് വീണയിൽ ഒരുക്കുന്ന ഗാനവിരുന്നും സന്ധ്യ മനോജും ഡോ. രതീഷ് ബാബുവും ഒഡീസി – കുച്ചിപ്പുടി ജുഗൽബന്ദിയുമാണ് 13-ലെ വിഭവങ്ങൾ.

പ്രമുഖ മോഹിനിയാട്ടനർത്തകി കലൈമാമണി ഗോപിക വർമ്മയുടെ ‘ഛായാമുഖി’യും രാജലക്ഷ്മി സെന്തിലും ചിത്ര അയ്യരും പാടിനിറയുന്ന സംഗീതരാവുമായാണ് പെണ്മയുടെ ലോകം 2022-നു തിരശീലവീഴുക.

ദിവസവും 7-നും 8-നുമാണു കലാപ്രകടനങ്ങൾ. പരിപാടി കാണാൻ ക്രാഫ്റ്റ് വില്ലേജിലെ പ്രവേശനട്ടിക്കറ്റ് മാത്രം മതി.

Back to top button
error: