കൊച്ചി: യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ഇന്ഫെക്ക്റ്റഡ് ടാറ്റൂസ് സ്ഥാപനത്തിന്റെ ഉടമ പി.എസ് സുജീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് ഇയാളുടെ സ്ഥാപനത്തിലെത്തി തെളിവ് ശേഖരിച്ചിരുന്നു. പിന്നാലെ സുജീഷ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇപ്പോള്‍ ആറ് യുവതികള്‍ പരാതി നല്‍കിയെന്നാണ് പോലീസ് അറിയിച്ചത്. പാലാരിവട്ടം സ്റ്റേഷനില്‍ നാലും ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇവരും വരും ദിവസങ്ങളില്‍ പരാതി നല്‍കിയേക്കും.
സുജിഷിനെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. അതേ സമയം ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ച ഒരു യുവതി പരാതിയില്ലെന്ന് കമ്മീഷണറുടെ മുമ്പാകെ അറിയിച്ചത് വലിയ ചര്‍ച്ചയായീരുന്നു.
ബലാത്സംഗമുൾപ്പെടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇടപ്പള്ളിയിലെ ‘ഇൻക്ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോ’യിലെ കലാകാരനാണ് സുജീഷ്.
സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ ഇവിടെയുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങൾ പങ്കുവച്ചെങ്കിലും പരാതി നൽകിയിരുന്നില്ല. പിന്നീടാണ് ആറു പരാതികൾ ലഭിച്ചത്. നോർത്ത് വനിതാ സ്റ്റേഷനിൽ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്. വൈദ്യ പരിശോധനയും പൂർത്തിയാക്കി.