KeralaNEWS

യുദ്ധം തകര്‍ത്ത മണ്ണില്‍നിന്നും വളര്‍ത്തുമൃഗങ്ങൾക്കൊപ്പം ജന്മനാട്ടിലെത്തിയ 4 പെൺകുട്ടികൾ

ന്യൂഡൽഹി: മലയാളി വിദ്യാർഥികളായ സാഗരിക, അഹിയ, അയന, ആര്യ എന്നിവർ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമാണ് യുദ്ധം തകര്‍ത്ത മണ്ണില്‍നിന്നും ജന്മനാട്ടിലെത്തിയത്. ദുഷ്കരമായ യാത്രയില്‍ ഒരു ഘട്ടത്തില്‍ പോലും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ ഇവർ തയ്യാറായില്ല.

ടകിസീഡോ ഇനത്തില്‍പ്പെട്ട പൂച്ചകുഞ്ഞ് ടോണിയയെ ദുഷ്കരമായ യാത്രയില്‍ ഉപേക്ഷിച്ച് വരാന്‍ തോന്നിയില്ലെന്ന് ഒഡേസയില്‍നിന്ന് റുമാനിയ വഴി ഡല്‍ഹിയിലെത്തിയ മാഹിക്കാരി സാഗരിക പറയുന്നു. സാധാരണ പുറത്തിറങ്ങിയാൽ ടോണിയ ബഹളം കൂട്ടും. എന്നാൽ ഇത്തവണ ഏറെ സഹകരിച്ചെന്നു സാഗരിക പറഞ്ഞു.

ഇംഗ്ലിഷ് കോക്കര്‍ സ്പാനിയല്‍ ഇനത്തില്‍പ്പെട്ട നായ ലോക്കിക്കൊപ്പമാണ് കോട്ടയംകാരി അഹിയ എത്തിയത്. റുമാനിയയിലേക്ക് നാല്‍പത് മണിക്കൂറോളം ട്രെയിനിലും അവിടന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലും യാത്ര ചെയ്യേണ്ടിവന്നതിന്‍റെ ക്ഷീണമുണ്ട് ലോക്കിക്ക്.
തിരുവനന്തപുരംകാരി അയനയ്ക്കൊപ്പം വന്നത് യോര്‍ക്ക്ഷെട്ടെറിയര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ബെയ്‌ലിയാണ്.
യുക്രയിനില്‍ നിന്ന് വളര്‍ത്തു നായ സൈറയുമായാണ് ഇടുക്കി സ്വദേശി ആര്യ കേരളത്തിലെത്തിയത്.
ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സി.ഇ.ഒയേയും ചുമതലപ്പെടുത്തിയിരുന്നു.
യുദ്ധം കനത്ത യുക്രയ്‌നില്‍ തന്റെ പ്രിയപ്പെട്ട നായയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ മനസ്സ് വരാതിരുന്ന ആര്യ ധൈര്യം കൈമുതലാക്കി സൈറയുമായി യുദ്ധഭൂമിയിലൂടെ നടന്നത് 20 കിലോമീറ്റര്‍. സൈബീരിയന്‍ ഇനത്തില്‍പ്പെട്ട നായയുമായി അതിര്‍ത്തി കടന്ന് റൊമാനിയ വഴി എയര്‍ഇന്ത്യ വിമാനത്തിലാണ് ആര്യ ഡല്‍ഹിയില്‍ എത്തിയത്. കേരള ഹൗസില്‍ എത്തിയ ആര്യയ്‌ക്കും സൈറയ്‌ക്കും ഊഷ്‌മള വരവേല്‍പ്പ് നല്‍കി ജീവനക്കാര്‍.

വളര്‍ത്തുമൃഗങ്ങള്‍ക്ക് റുമാനിയന്‍ അധികൃതര്‍ വെറ്റിനറി പാസ്പോര്‍ട്ട് നല്‍കുന്നതുൾപ്പെടെ യാത്രയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു.
കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ ഏഷ്യ വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രവേശനമില്ല. ചാര്‍ട്ടേഡ് വിമാനമാണെങ്കിലും പെറ്റ് പോളിസിമൂലമാണ് അനുമതി നിഷേധിച്ചതെന്ന് കമ്പനി പറയുന്നു. അതിനാല്‍ സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്ത് മറ്റു വിമാനങ്ങളിലാണ് ഇവര്‍ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം നാട്ടിലെത്തിയത്.

Back to top button
error: