പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ മഴവിൽ മനോരമയിൽ നിന്നു രാജിവച്ചു.
ഇഷ്ടം, നമ്മൾ, മഞ്ഞു പോലൊരു പെൺകുട്ടി, ഗോൾ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച്, മികവ് തെളിയിച്ച കലവൂർ രവികമാർ കഴിഞ്ഞ 5 വർഷമായി മഴവിൽ മനോരമയുടെ ഫിക്ഷൻ ഹെഡായി പ്രർത്തിച്ചു വരുകയായിരുന്നു. കഴിഞ്ഞ ദിവസം മഴവിൽ മനോരമയിൽ നിന്നു രാജിവച്ച രവികുമാർ സീ കേരളത്തിൻ്റെ പ്രോഗ്രാം മേധാവിയായി ചുമതലയേറ്റു.
മഴവിൽ മനോരമയിൽ നിന്നു പിരിഞ്ഞതിനു പിന്നാലെ രവികമാർ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ്:
“മനോരമയ്ക്ക് നിറഞ്ഞ തൊഴുകൈ,
കഴിഞ്ഞ അഞ്ചു വർഷക്കാലം ഈ മുറി ആയിരുന്നു എൻ്റെ ലോകം.
മഴവിൽ മനോരമയുടെ ഫിക്ഷൻ ഹെഡിന്റെ മുറി.
എത്രയോ തിരക്കഥകൾ വായിച്ചു. എഴുത്തുകാരുമായും സംവിധായകരുമായും നിർമ്മാതാക്കളുമായും സംസാരിച്ചു. ചർച്ചകൾ നടത്തി.
സന്തോഷം നിറഞ്ഞ നാളുകൾ.
മനോരമ മാനേജ്മെന്റ് എല്ലാത്തിനും ഒപ്പം നിന്നു. ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും കരുതുന്ന ഈ വലിയ സ്ഥാപനത്തിന്റെ സ്നേഹം ഞാനും എന്റെ കുടുംബവും അനുഭവിച്ചു.
ആ സംരക്ഷണം മുൻപൊരു ഇടത്തു നിന്നും എനിക്ക് അറിയാൻ ആയിട്ടില്ല.
സത്യത്തിൽ മനോരമ എന്നാൽ സ്വന്തം ജീവനക്കാരോടുള്ള തീരാത്ത കരുതൽ ആണ്.
അനുഭവിച്ചവർക്ക് നന്ദി പറഞ്ഞു തീർക്കാവുന്ന കടപ്പാടുമല്ല അത്.
‘മഴവില്ലി’ന്റെ എം.ഡി ജയന്ത് മാമ്മൻ മാത്യു സർ വളരെ അടുത്താണ് ഇടപെട്ടിരുന്നത്. കുലീനതയോടെ, ചിരിയോടെ മാത്രം.
വെല്ലുവിളികളിലും ശാന്തനായി നിന്നു സംസാരിക്കുന്ന ആ മനുഷ്യൻ മാന്യതയുടെ ആൾരൂപമാണ്.
ഞാൻ ഏറ്റവും കൂടുതൽ ഇടപെട്ടിരുന്നത് ജൂഡ് അട്ടിപ്പേറ്റിയുമാണ് – ചീഫ് ഓഫ് പ്രോഗ്രാംസ്.
ജൂഡ് എനിക്ക് ജേഷ്ഠൻ ആയിരുന്നു. വലിയ മൂല്യബോധമുള്ള ഹൃദയാലുവായ നായകൻ.
ഫിക്ഷനിൽ കൂടെ ഉണ്ടായിരുന്ന പ്രദീപും ട്രേസിയും അവരുടെ ജേഷ്ഠനായേ എന്നെ കണ്ടു കാണൂ എന്നാണ് എന്റെ വിചാരം. സഹോദരതുല്യമായ സ്വാതന്ത്ര്യം ഞങ്ങൾ എന്നും പരസ്പരം സൂക്ഷിച്ചു.
നേരത്തെ ഉണ്ടായിരുന്ന സുനിലും അങ്ങനെ ആയിരുന്നു .
കോവിഡ് കാലത്തു ജോജിയും ജോസ്മോനുമായാണ് ഞാൻ യാത്ര ചെയ്തത്. ഡ്രൈവ് ചെയ്യാനാറിയാത്ത എന്നെ അവർ അവരുടെ വാഹനങ്ങളിൽ കൂടെ കൂട്ടി. കോവിഡ് കാലത്തെ എന്റെ അശ്രദ്ധയെ ജോജി നിരന്തരം ചീത്ത പറഞ്ഞു. ജോസ്മോൻ അതു കേട്ടു ചിരിച്ചു. അവർ ഇല്ലായിരുന്നേ എനിക്ക് പത്തു വട്ടം കോവിഡ് വന്നേനെ…. എന്നിട്ടും ഞാൻ ഭാരമല്ല സുഹൃത്താണെന്ന് അവർ കരുതി.
പി.ആർ.എസിൽ തുടങ്ങി അജിത വരെ നീളുന്ന പ്രിയപ്പെട്ടവരുണ്ടു എനിക്ക് മഴവില്ലിൽ.
അവരെ ഒക്കെ ഇനി എനിക്ക് മിസ്സ് ചെയ്യും.
ഞാൻ പടി ഇറങ്ങുകയാണ്.
ഈ വേള തണൽ തന്ന ഈ മഹാസ്ഥാപനത്തെ തിരിഞ്ഞുനോക്കി ഞാൻ ഒരിക്കൽ കൂടി ഉള്ളു നിറഞ്ഞു തൊഴുന്നു..
സ്നേഹം, സ്നേഹം മാത്രം
കലവൂർ രവികുമാർ”