KeralaNEWS

മുടി വളരാൻ മാത്രമല്ല,ആയുര്‍ദൈര്‍ഘ്യം കൂട്ടാനും ചെമ്പരത്തി സഹായിക്കും; അറിയാം ചെമ്പരത്തിയുടെ ഗുണങ്ങൾ

“ജപകുസുമം കേശവിവര്‍ധനം” എന്നാണ്‌ ചെമ്പരത്തിയെ കുറിച്ച്‌ പറയുന്നത്‌.മുടി വളരാനും താരന്‍ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തിപ്പൂവിന് കഴിവുണ്ട്.ചെമ്പരത്തി മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം കാഴ്ചയാണ്.ഇതു വളര്‍ത്താന്‍ വലിയ ശ്രദ്ധയോ സംരക്ഷണമോ ഒന്നും വേണ്ട.പല തരത്തിലും പല നിറങ്ങളിലുമുള്ള ചെമ്പരത്തികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കും.
മറ്റ്‌ പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പുവിനുള്ളത്‌.നൈട്രജന്‍, ഫോസ്ഫറസ്‌, ജീവകം ബി, സി എന്നിവയാല്‍ സമ്പന്നമാണ് ഇത്.
ചുവന്ന നിറത്തിലുള്ള ചെമ്പരത്തിയാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്.മഞ്ഞ നിറത്തില്‍ കണ്ടുവരുന്ന ചെമ്പരത്തിയുടെ പൂവിതളുകള്‍ വലുപ്പമേറിയവയാണ്. പൂവിനു വലുപ്പമുണ്ടെങ്കിലും ചെടി അധികം വളരാറില്ല.അതുകൊണ്ടുതന്നെ ചട്ടികളിലും ഇവ വളര്‍ത്താം.മറ്റു ചെമ്പരത്തികളെ അപേക്ഷിച്ച് ഇവ ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യും.
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്. ഹൃദയസംബന്ധമായ വൈഷമ്യങ്ങള്‍ക്ക്‌ ഒരു ” കാര്‍ഡിയക്‌ ടോണിക്‌ ” കൂടിയാണിത്‌.അഞ്ചാറു പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ തുല്യയളവ്‌ പാലും കുട്ടിചേര്‍ത്ത്‌ ഏഴോ എട്ടോ ആഴ്ച സേവിച്ചാല്‍ ഉന്‍മേഷം വീണ്ടെടുക്കാം.
 അതേപോലെ ചെമ്പരത്തി ചായ ഒരു ലോക പാനീയമാണ്.ചെമ്പരത്തി ചായ ഒരു പ്രത്യേക തരം ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായയാണ്. ഇത് ചൂടുപാനീയമായും, തണുപ്പിച്ചും ഉപയോഗിക്കുന്നു.ഈ ചായയിൽ ജീവകം-സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.ചെമ്പരത്തി ചായയിൽ സിട്രിക്ക് ആസിഡ്, മാലിക് ആസിഡ്, ടാർട്ടാറിക് ആസിഡ് മുതലായ 15-30% ജൈവാമ്ലങ്ങൾ അടങ്ങിയിരിക്കുന്നു.അതിൽ അമ്ലത്വമുള്ള പോളിസാക്കറൈഡ്സ്, സയാനിഡിൻ, ഡെല്ഫിനിഡിൻ, തുടങ്ങിയ ഫ്ലവനോയ്ഡ്  ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്.ചെമ്പരത്തിക്ക് അതിന്റെ കടുത്ത ചുവന്ന ചുവപ്പു നിറവും സ്വഭാവങ്ങളും ഇവ മൂലമാണ് ലഭിച്ചത്.
ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.ഇതു വഴി ശരീരത്തിന്‍റെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും.അതുപോലെ ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി.ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്‍ത്തനങ്ങളെയും തടഞ്ഞ് ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കും.

Back to top button
error: