ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഫ്‌ലൈറ്റില്‍ ഇത്രയും ദൂരം ഒരു കുഞ്ഞുബാലന്‍ വിമാനത്തില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ യാത്ര ചെയ്തുവെന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയില്‍ എത്താന്‍ ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ബാലന്‍ യാത്ര ആരംഭിച്ചത്. ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ് ഈ ഒമ്പത് വയസുകാരന്റെ പേര് ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ്.
കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന്‍ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. വിമാനത്താവള അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്തില്‍ കയറുന്നത് വരെ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നു. വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് ഇമ്മാനുവല്‍ യാത്ര ചെയ്തിരിക്കുന്നത്. എന്നാല്‍ യാത്ര ആരംഭിച്ചതിന് ശേഷമാണ് ഒപ്പം ആരുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിനെയും ഗാര്‍ഡിയന്‍ഷിപ്പ് കൗണ്‍സിലിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു.