(ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) വിടവാങ്ങി.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ, 1969 സെപ്റ്റംബർ 13നാണ് ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
തായ്‌ലൻഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണത്രേ മരണകാരണം.)
ജിതേഷ് മംഗലത്ത്
നിൽക്കുന്ന മണ്ണിൽ നിന്ന് ബാറ്ററെ കട പുഴക്കുക എന്നത് ബൗളിംഗിലെ ഒരു കലയാണെങ്കിൽ ആ കലയുടെ എക്കാലത്തെയും ഏറ്റവും വലിയ എക്സിബിഷനിസ്റ്റായിരുന്നു ഇന്ന് വിടവാങ്ങിയ ഷെയ്ൻ വോൺ.
ലെഗ്സ്റ്റമ്പിനു പുറത്തെ നിരുപദ്രവകരമായ ലീവബ്ൾ സോണിൽ കുത്തി,ബാറ്ററുടെ പിൻവശത്തു കൂടി അയാളുടെ ശ്വാസതാളത്തെ മോഹനിദ്രയിലാക്കി, ഒരർദ്ധമാത്രയുടെ വായുസ്പർശത്തിൽ ലെഗ്സ്റ്റമ്പിനെ, മിഡിൽസ്റ്റമ്പിനെ ചുംബിച്ചസ്ഥിരപ്പെടുത്തിയ മായാജാലങ്ങളെത്രയെത്ര…?
ആ സ്വർണ്ണത്തലമുടി കാണുന്ന മാത്രയിൽ, റണ്ണപ്പിനു മുമ്പെ നാക്കൊന്നു പുറത്തേക്കു നീട്ടി, വലം കൈത്തലപ്പിനാൽ പന്ത് വായുവിലേക്കെറിഞ്ഞു തിരിച്ച് നിൽക്കുന്ന ആ മാന്ത്രികനെ കാണുമ്പോഴേ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോയിരുന്ന ഡാരിൽ കള്ളിനനെപ്പോലെയുള്ള എത്രയെത്ര ബാറ്റർമാർ…?
മാരകമായ വേഗത്താലും,റേസർ ഷാർപ്പായ സ്വിംഗുകളാലും ബൗളിംഗടക്കി വാണിരുന്ന പേസർമാരുടെ പറുദീസാ വാസത്തിനിടയിലും,ഏറ്റവും മോഹനമായ ഗൂഗ്ലികളാലും, ഫ്ലിപ്പറുകളാലും ബാറ്ററെ മോഹനിദ്രയ്ക്കടിപ്പെടുത്തിയിരുന്ന പൈഡ് പൈപ്പറായിരുന്നു വോൺ. അത്ര മേൽ മൃദുവായി വരിഞ്ഞുമുറുക്കുന്നവയായിരുന്നു ആ ഡ്രിഫ്റ്ററുകൾ; കാറ്റത്തെറിഞ്ഞു വരുന്ന വലക്കണ്ണികളെപ്പോലെ.
ഷെയ്ൻ വോൺ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ മജീഷ്യന്മാരിലൊരാളായിരുന്നു.
കൈമടക്കുകൾക്കുള്ളിലെ പന്തിലയാൾ ഉന്മാദിയായ തിരിവുകളെ ഒളിപ്പിച്ചു വെച്ചു. അന്തമില്ലാത്തത്ര തവണ അവ ബാറ്ററുടെ പ്രതിരോധബോധത്തിന്റെ അതിർത്തിയില്ലായ്മകളെ പരിഹസിച്ചുകൊണ്ട് ടിമ്പററ്റങ്ങളെ സ്പർശിച്ചു.
എണ്ണമറ്റത്ര തവണ നമ്മളാ മാന്ത്രികവിദ്യകളിൽ വിഭ്രമിച്ചു നിന്നു. ഷെയ്ൻ കീത്ത് വോൺ ക്രിക്കറ്റിലെ എൽവിസ് പ്രിസ്‌ലിയാണ്; ഉന്മാദത്തിന്റെ രാജകുമാരൻ…