KeralaNEWS

ഉമ്മൻചാണ്ടിയെ തള്ളി എ ഗ്രൂപ്പ് വീണ്ടും  സജീവമാക്കി ബെന്നി ബഹനാൻ

കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും ഇപ്പോൾ കെ മുരളീധരനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിൽ എ ഗ്രൂപ്പ് വീണ്ടും ശക്തിപ്പെടുത്താൻ നീക്കം.ബെന്നി ബെഹന്നാനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.ചെന്നിത്തലയുമായി ഉമ്മന്‍ ചാണ്ടി അടുപ്പത്തിലാണ്.ഈ സാഹചര്യം ഗ്രൂപ്പിന് ഗുണം ചെയ്യില്ലെന്നാണ് ബെന്നിയുടെ നിലപാട്. കോഴിക്കോട്ടെ എംപി എംകെ രാഘവനും ഈ പക്ഷത്താണ്.
എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തെ തെറ്റി പിരിഞ്ഞിരുന്നു.സുധാകരനൊപ്പമാണ് തിരുവഞ്ചൂര്‍.ഭാവിയില്‍ കെപിസിസി അധ്യക്ഷനാകാന്‍ കെസി വേണുഗോപാല്‍-വിഡി സതീശന്‍ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പിക്കാനാണ് ബെന്നിയുടെ ഈ തിരക്കിട്ട നീക്കം.പുനഃസംഘടന അട്ടിമറിക്കാന്‍ ഹൈക്കമാണ്ടിന് കത്തെഴുതിയ നാലു പേരില്‍ രണ്ടു പേര്‍ ബെന്നിയും രാഘവനുമാണ്.ഹൈബി ഈഡനും ടി എന്‍ പ്രതാപനുമായിരുന്നു മറ്റു രണ്ടു പേര്‍. ഇതില്‍ പ്രതാപനും പഴയ എ ഗ്രൂപ്പുകാരനാണ്.
എ ഗ്രൂപ്പിനെ മൊത്തത്തില്‍ വിഡി-കെസി പക്ഷത്തേക്ക് അടുപ്പിച്ച്‌ ഐയെ ദുര്‍ബ്ബലമാക്കുകയാണ് ബെന്നിയുടെ ലക്ഷ്യം. ഇതിന് പക്ഷേ ഉമ്മന്‍ ചാണ്ടി അനുകൂലമല്ല.സുധാകരനൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം.ഗ്രൂപ്പ് പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയത്തിന് വേണ്ടി സുധാകരന് പിന്തുണ കൊടുക്കണമെന്നതുമാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.ഇത് മുതലെടുത്താണ് ബെന്നിയുടെ നീക്കം.സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെപിസിസിയുടെ തലപ്പത്ത് എങ്ങനെയെങ്കിലും എത്തുകയെന്നതാണ് ബെന്നിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നശേഷം പൊതുകാര്യങ്ങളില്‍ ഐ ഗ്രൂപ്പിനൊപ്പം ഒരുമിച്ചു നീങ്ങിയിരുന്നെങ്കിലും ഇനി സ്വന്തം വഴി വേണമെന്നാണ് ബെന്നിയുടെ പക്ഷം. കെ.മുരളീധരനെ ഒപ്പം നിര്‍ത്തിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൂടെ കൂട്ടിയും രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ ശ്രമം തുടങ്ങുന്നുവെന്നാണ് ഇതിന് കാരണമായി ബെന്നി പറയുന്നത്.

Back to top button
error: