Business

വില്‍പ്പനയില്‍ വന്‍ മുന്നേറ്റവുമായി മഹീന്ദ്ര; പുതിയ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ ഓഗസ്റ്റ് 15ന്

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന് വാഹന വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 80 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം മൊത്തം 54,455 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 27,551 യൂണിറ്റുകള്‍ യൂട്ടിലിറ്റി വിഭാഗത്തില്‍ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 79 ശതമാനം വില്‍പ്പനയാണ് നേടിയത്. സമാനമായി പാസഞ്ചര്‍ വാഹന വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 27,664 യൂണിറ്റായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 15,391 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്.

കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയിലും മഹീന്ദ്രയ്ക്ക് വന്‍ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ കുത്തനെ ഉയര്‍ന്നു. 119 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി ഫെബ്രവരിയില്‍ നേടിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൊത്തം 20,166 കൊമേഷ്യല്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന 11,559 യൂണിറ്റ് മാത്രമായിരുന്നു. 2022 ഫെബ്രുവരിയില്‍ 54,455 വാഹനങ്ങളുടെ മൊത്ത വില്‍പ്പനയോടെ 89 ശതമാനത്തിന്റെ വളര്‍ച്ചയാണ് മഹീന്ദ്ര നേടിയത്. കൂടാതെ, വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള ഒരുക്കങ്ങളും മഹീന്ദ്ര നടത്തുന്നുണ്ട്. ഓഗസ്റ്റ് 15ന് പുതിയ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ അവതരിപ്പിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

 

Back to top button
error: