BusinessNEWS

ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ദ്ധിച്ചു; ഫെബ്രുവരിയില്‍ കയറ്റുമതി 22 % ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി

ന്യൂഡല്‍ഹി: വ്യാപാരക്കമ്മി 21.19 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചപ്പോഴും, എഞ്ചിനീയറിംഗ്, പെട്രോളിയം, രാസവസ്തുക്കള്‍ എന്നീ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച കാരണം ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 22.36 ശതമാനം ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി. ഇതേ കാലയളവില്‍ ഇറക്കുമതിയും ഏകദേശം 35 ശതമാനം ഉയര്‍ന്ന് 55 ബില്യണ്‍ ഡോളറിലെത്തി.

പെട്രോളിയം ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 66.56 ശതമാനം ഉയര്‍ന്ന് 15 ബില്യണ്‍ ഡോളറായി. കേന്ദ്ര വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 374.05 ബില്യണ്‍ ഡോളറായിരുന്നു. 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലെ 256.55 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 45.80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇതേ 11 മാസക്കാലയളവിലെ ഇറക്കുമതി 59.21 ശതമാനം ഉയര്‍ന്ന് 550.12 ബില്യണ്‍ ഡോളറിലെത്തി. 2020 ഏപ്രില്‍ മുതല്‍ 21ഫെബ്രുവരി വരെയുള്ള കാലയളവില്‍ 88.99 ബില്യണ്‍ ഡോളറില്‍ നിന്ന് 176.07 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ സ്വര്‍ണ ഇറക്കുമതി 11.45 ശതമാനം കുറഞ്ഞ് 4.68 ബില്യണ്‍ ഡോളറായി. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഏകദേശം 29 ശതമാനം ഉയര്‍ന്ന് 6.24 ബില്യണ്‍ ഡോളറായി.

ഫെബ്രുവരിയില്‍ എന്‍ജിനീയറിംഗ് സാധനങ്ങള്‍, പെട്രോളിയം, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി യഥാക്രമം 31.34 ശതമാനം, 66.29 ശതമാനം, 24.74 ശതമാനം വര്‍ധിച്ച് 9.27 ബില്യണ്‍, 4.1 ബില്യണ്‍, 2.4 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കയറ്റുമതി പദ്ധതികള്‍ക്ക് മാറ്റം വരുത്തുകയും പണ ഇടപാടുകളുടെ സാധുത 24 മാസങ്ങളായി വര്‍ധിപ്പിക്കുകയും വേണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ) വ്യക്തമാക്കി.

Back to top button
error: