കൊച്ചി: തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകള്‍ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണം. ഈ രീതി തുടര്‍ന്നാല്‍ പല മേഖലകളേയും അത് ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളത്തില്‍ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സി.പി.എമ്മിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്‌ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുളളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡി ഐ ടി യുവിനെ രൂക്ഷമായി വിമര്‍ശിക്കുപ്പോള്‍ തന്നെ ഡിവൈഎഫ്‌ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് സി പി എം സംസ്ഥാന കമ്മറ്റിയില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയില്‍ . പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സംസ്ഥാനത്ത് വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം നയരേഖ പറയുന്നു. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയില്‍ പറയുന്നു.
വരുന്ന കാല്‍ നൂറ്റാണ്ട് കാലത്തേക്കുള്ള കേരളത്തിന്റെ വികസനം സംബന്ധിച്ച പാര്‍ട്ടി നയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലുള്‍പ്പടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന നയങ്ങളില്‍ വെള്ളം ചേര്‍ക്കാതെയാകും നയരേഖയെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട് ഒരു രേഖയായി അവതരിപ്പിക്കുന്നത്. 37 വര്‍ഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സമ്മേളനത്തില്‍ എം.വി. രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സ്വകാര്യ നിക്ഷേപം. വിദേശ നിക്ഷേപം, വിദേശ വായ്പ, സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പാര്‍ട്ടി നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പല വിഷയങ്ങളിലും ഒരു നയം മാറ്റത്തിനുളള തുടക്കമാകും മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയില്‍ കേരളത്തിന്റെ വികസനത്തിനാകും മുഖ്യ പരിഗണനയെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. വികസന പദ്ധതികള്‍ സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് സിപിഎം കേരള ഘടകത്തിന്റെ നയരേഖ പുറത്തുവരുന്നത്.
പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലുമുള്ള ചര്‍ച്ചയാണ് ഇന്നത്തെ സംസ്ഥാന സമ്മേളന അജണ്ട. നാളെ നവകേരള നയരേഖയില്‍ ചര്‍ച്ച നടക്കും. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോടിയേരി വൈകീട്ട് മാധ്യമങ്ങളെ കാണും.