തൃശൂര്‍: ലൈംഗികാതിക്രമം നടത്തി എന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അദ്ധ്യാപകന് ഡോ.സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സര്‍വകലാശാല സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തത്. കാംപസിലെ രണ്ട് അദ്ധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി ഉന്നയിച്ചത്.
കഴിഞ്ഞ നവംബര്‍ 21 ന് വിസിറ്റിംഗ് ഫാക്കല്‍റ്റിയായി എത്തിയ ഒരധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടിയാണ് ആദ്യം പെണ്‍കുട്ടി പരാതി നല്‍കിയത്. വകുപ്പ് മേധാവിയോടക്കം മറ്റ് അദ്ധ്യാപകരോട് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ഇതിനിടെയാണ് ഈ വിദ്യാര്‍ത്ഥിനിക്ക് പിന്തുണയുമായി മറ്റൊരദ്ധ്യാപകനായ സുനില്‍കുമാര്‍ രംഗത്തെത്തിയത്.
ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ പിന്നീട് രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗികചുവയോടെ പെണ്‍കുട്ടിയെ വിളിച്ച് സംസാരിക്കുന്നത് പതിവായി. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ അദ്ധ്യാപകന് മറ്റൊരു ഘട്ടത്തിൽ ബലമായി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി.
തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കാംപസില്‍ മൂന്ന് ദിവസമായി സമരത്തിലായിരുന്നു .