KeralaNEWS

ആ മനുഷ്യന് ഒരു ബിഗ് സല്യൂട്ട്

മനുഷ്യനോട് ഒരുപാട് സ്നേഹം തോന്നുന്നുണ്ട്
അതിന് കാരണം
വിഎസ് നവാസ് എന്ന
വണ്ടൻമേട് സിഐ ഏതെങ്കിലും തരത്തിൽ
എന്റെ സ്നേഹിതനോ
എനിക്ക് ഏതെങ്കിലും ഉപകാരം ചെയ്തവനോ ആയതിനാൽ അല്ല..
ഞാനയാളെ കണ്ടിട്ടേയില്ല..
 നീതിബോധം നഷ്ടപ്പെട്ട്
അധികാര ധാർഷ്ട്യത്താൽ
എത്രയോ മനുഷ്യരുടെ ജീവിതം തുലച്ചു കളയുന്ന പോലീസിന്റെ നേരനുഭവങ്ങൾക്കിടയിൽ
തന്റെ മുന്നിലെത്തിയ കേസിൽ …
അതും
മയക്കുമരുന്ന് തൊണ്ടിയായി പിടികൂടിയ കേസിൽ
അറസ്റ്റും റിമാൻഡും
കുറ്റം അടിച്ചേൽപ്പിക്കലുമെന്ന
പതിവ് മുറകളെ മറികടന്ന്
നീതി നിർവഹണത്തിന്റെ ഉന്നത മാതൃക തീർത്തിരിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ…
നമ്മളിത്
പൊതുസമൂഹത്തോട് പറയാതെ പോകരുത്..
മനസ്സിലായില്ലേ…?
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വന്‍ ഗൂഢാലോചനയാണ് വിഎസ് നവാസ് എന്ന  വണ്ടന്‍മേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ അന്വേഷണത്തിൽ പുറത്തു വന്നത്.
വാഹനത്തിലുണ്ടായിരുന്നത് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ തുച്ഛമായ അളവാണെങ്കിലും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം.
പക്ഷേ, പുറ്റടി സ്വദേശി സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് എം.ഡി.എം.എ കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നു തന്നെയായിരുന്നു വണ്ടന്‍മേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ.വി.എസ്.നവാസിന്റെ അഭിപ്രായം.
അതിനാല്‍ തന്നെ സുനില്‍ കുറ്റം ചെയ്‌തെന്ന് തനിക്ക് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂ എന്നും വണ്ടന്‍മേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ.വി.എസ്.നവാസ് തീരുമാനിച്ചു.
സി.ഐ.യുടെ തീരുമാനത്തിനെതിരേ പൊതുസമൂഹത്തില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായി. മയക്കുമരുന്നുമായി ആളെ പിടികൂടിയിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചപ്പോള്‍ പലവിധ ആരോപണം ഉയർന്നു.
എന്നാല്‍ ആ സമ്മര്‍ദങ്ങളെയെല്ലാം അതീജീവിച്ച് സംഭവത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ തന്നെയായിരുന്നു സി.ഐ. നവാസിന്റെ തീരുമാനം. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം മയക്കുമരുന്ന് കേസിന്റെ യാഥാര്‍ഥ്യം വെളിച്ചത്തുവന്നപ്പോള്‍ കേരളം ഞെട്ടി കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വന്‍ ഗൂഢാലോചനയാണ് സി.ഐ.  പുറത്തുകൊണ്ടുവന്നത്.
ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ ഏബ്രഹാം ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ കാമുകനായ പുറ്റടി സ്വദേശി വിനോദും കേസില്‍ പ്രതിയാണ്.
കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് തടസമാകുമെന്ന് കരുതിയാണ് സുനിലിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടത്. ഭര്‍ത്താവ് മയക്കുമരുന്ന് കേസില്‍ അകത്തായാല്‍ വേഗത്തില്‍ വിവാഹമോചനം ലഭിക്കുമെന്നും വിവാഹമോചനത്തിന് തക്കതായ കാരണമാകുമെന്നും സൗമ്യ കരുതി. ഇതനുസരിച്ച് പദ്ധതി തയ്യാറാക്കി സുനിലിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു.
പിന്നാലെ പോലീസിന് രഹസ്യവിവരം നല്‍കി.കഴിഞ്ഞ ചൊവ്വാഴ്ച വാഹനത്തില്‍നിന്ന് മയക്കുമരുന്നുമായി സുനിലും സുഹൃത്തും പിടിയിലാവുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ ഇതൊരു കെണിയാണെന്ന് വണ്ടന്‍മേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ.വി.എസ്.നവാസിന് തോന്നിയിരുന്നു.പിടിയിലായ സുനിലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തു. പിന്നീടങ്ങോട്ട് സി.ഐ.നവാസും സംഘവും നടത്തിയ അന്വേഷണാണ് കേസിന്റെ ചുരുളഴിച്ചത്.
ഒരു നിരപരാധിയുടെ
രക്തം വീഴാതെ ആഭ്യന്തര വകുപ്പ് തന്നെ
രക്ഷപെട്ടിരിക്കുന്നു..
യാതൊരു മന:സാക്ഷിയുമില്ലാതെ
കെണിയൊരുക്കിയ ആളുകൾ നിയമത്തിന്റെ മുന്നിൽ എത്തിയിരിക്കുന്നു ,
രണ്ടും
അത്യധികം സന്തോഷം നൽകുന്നവ…
നീതിബോധത്തിന്
ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്..
എം ജോർജ്ജ്

Back to top button
error: