India

മണിപ്പുരില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; 78.03% വോട്ടിങ്

ഇംഫാല്‍: മണിപ്പുരിലെ 60 അംഗ നിയമസഭയിലെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 38 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 78.03 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ഹിന്‍ഗാങ്ങില്‍ ജനവിധി തേടുന്ന മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, സിങ്ജാമൈയില്‍ സ്പീക്കര്‍ വൈ ഖേം ചന്ദ് സിങ്, ഉറിപോക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ സിങ്, നമ്പോലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍. ലോകേഷ് സിങ് എന്നിവരാണ് ജനവധി തേടുന്നവരില്‍ പ്രധാനികള്‍.

മണിപ്പുരിലെ ആദ്യ ഘട്ട പോളിങ് ദിനത്തില്‍ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ഇംഫാലിന് പടിഞ്ഞാറുള്ള കീതേല്‍മാന്‍ ബിയില്‍ ബൂത്ത് പിടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കീതേല്‍മാന്‍ ബിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ആരംഭിച്ച് സമയത്ത് ഒരു വോട്ടിങ് മെഷീന്‍ കേടുവരുത്തിയതായി ശ്രദ്ധയില്‍പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചതാണ് മറ്റൊരു അനിഷ്ട സംഭവം. നവോറം ഇബോചൗബ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. സര്‍വീസ് റൈഫിളില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയാണ് മരണമെന്നു ചീഫ് ഇലക്ടറല്‍ ഓഫിസര്‍ രാജേഷ് അഗര്‍വാള്‍ സ്ഥിരീകരിച്ചു.

ബിജെപിക്കു ഭൂരിപക്ഷം കിട്ടുമെന്നാണു മിക്ക തിരഞ്ഞെടുപ്പു സര്‍വേകളും പ്രവചിച്ചതെങ്കിലും മ്യാന്‍മറിനോട് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തു കോണ്‍ഗ്രസും പ്രതീക്ഷ പുലര്‍ത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചതു ബിജെപിയാണ്. അന്നു ബിജെപിക്കു പിന്തുണ നല്‍കി സര്‍ക്കാരിന്റെ ഭാഗമായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) നാഗാ പീപ്പിള്‍സ് ഫ്രണ്ടും (എന്‍പിഎഫ്) ഇത്തവണയും വെവ്വേറെ മത്സരിക്കുകയാണ്. ജനതാദളും (യു) മത്സരരംഗത്തുള്ളപ്പോള്‍ അഞ്ചു പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണു പല മണ്ഡലങ്ങളിലും.

Back to top button
error: