കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ ആ കേരളത്തിലെ ദൈവത്തിന്റെ സ്വന്തം സ്ഥലം തീർച്ചയായും കുട്ടനാടായിരിക്കും.കേരളത്തില്‍ കുട്ടനാടിനോളം സഞ്ചാരികളെ ആകര്‍ഷിച്ച മറ്റൊരിടമുണ്ടാകില്ല.വിദേശ രാജ്യങ്ങളില്‍ നിന്നുപോലും കുട്ടനാട് തേടിയെത്തുന്ന നിരവധി സഞ്ചാരികളുണ്ട്.
ഓളപ്പരപ്പിലെ കൗതുകമാണ് എന്നും കുട്ടനാട്.സമുദ്ര നിരപ്പിനും താഴെ കണ്‍നിറയെ കൗതുകക്കാഴ്ചകള്‍ മാത്രമൊരുക്കി നില്‍ക്കുന്ന കുട്ടനാട് കേരളീയര്‍ക്ക് ഒരു വികാരവും സഞ്ചാരികള്‍ക്ക് അത്ഭുതവുമാണ് സമ്മാനിക്കുന്നത്.കായലും ആറുകളും തോടും കെട്ടുവള്ളവും നെല്‍പാടങ്ങളും മത്സ്യസമൃദ്ധിയും മാത്രമല്ല കുട്ടനാട്.എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായല്‍ കാഴ്ചകള്‍ മാത്രം മതി കുട്ടനാടിന് ആരുടെ മനസ്സിലും കയറിപ്പറ്റുവാന്‍.
കുട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യം വരിക കെട്ടുവള്ളങ്ങളും നെൽപ്പാടങ്ങളുമൊക്കെയാണ്.അതുപോ ലെ കുട്ടനാട് എന്നാൽ അത് ആലപ്പുഴയിലെ ഒരു പ്രദേശമാണ് എന്നാണ് മിക്കവരും കരുതിയിരുന്നത്.ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു സ്ഥലമാണ് കുട്ടനാട്.
ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുന്ന ഇടങ്ങളിലൊന്നാണ് കുട്ടനാട്. വെറുതേ യാത്ര ചെയ്യുന്നവർക്കും പുതിയ ഇടങ്ങള്‍ തേടുന്നവർക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഭക്ഷണപ്രിയർക്കും പക്ഷി നിരീക്ഷകര്‍ക്കുമെല്ലാം വേണ്ടതിലേറെ ഈ നാട് നൽകും എന്നതില്‍ സംശയം വേണ്ട.കുട്ടനാടിന്റെ ഏറ്റവും വലിയ അത്ഭുതമാണ് ഇവിടുത്തെ സമുദ്രനിരപ്പിനും താഴെയുള്ള നെല്‍കൃഷി. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയ്യുന്ന ഇടം എന്ന പ്രത്യേകത ലോകത്തില്‍ രണ്ട് സ്ഥലങ്ങൾക്കു മാത്രമേ സ്വന്തമായുള്ളൂ. അതിലൊന്ന് കുട്ടനാടാണ്.അടുത്തത് ഹോളണ്ടും.
പച്ചയുടെ പട്ടുടുത്തു അഴകൊഴുകുന്ന കാഴ്ചകളുമായി കുട്ടനാടങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ കാണുന്നവരുടെ മനസു നിറയും.നാട്ടിൻപുറങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനായി മാത്രം യാത്രകൾ പോകുന്നവർ ഒരിക്കലെങ്കിലും കുട്ടനാടൻ ഗ്രാമങ്ങളിലൂടെ കടന്നുപോകണം. സന്ദർശകരുടെ ഹൃദയത്തിൽ ഈ നാടുകൾ സ്ഥാനം പിടിക്കുക തന്നെ ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല.
കുട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്ന മറ്റൊന്നാണ് കരിമീന്‍. ഇവിടുത്തെ കായലുകളിലെ കരിമീനിന് ലോകവിപണിയില്‍ തന്നെ വലിയ ഡിമാന്‍ഡുണ്ട്.വലിയ പോഷക ഗുണങ്ങളും രുചിയുമാണ് ഇതിന്‍റെ പ്രത്യേകത.തനി നാടന്‍ ഭക്ഷണങ്ങളും കാഴ്ചകളും ആസ്വദിച്ച് കുട്ടനാടിനെ അറിയുന്നതിനായി എത്തുന്നവര്‍ക്ക് ഹോം സ്റ്റേകളോ അല്ലെങ്കില്‍ വഞ്ചിവീടുകളോ(ഹൗസ് ബോട്ട്) തിരഞ്ഞെടുക്കാം.
ദിവസങ്ങളെടുത്ത് കുട്ടനാട് കാണുവാന്‍ സാധിക്കാത്തവര്‍ക്ക് ധൈര്യപൂര്‍വ്വം ആശ്രയിക്കുവാന്‍ പറ്റുന്ന ഒന്നാണ് സീ കുട്ടനാട്.വെറും 80 രൂപ ചിലവില്‍ ആലപ്പുഴയില്‍ നിന്നും ബോട്ടില്‍ കുട്ടനാട് മുഴുവന്‍ കാണുവാന്‍ ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്ന പരിപാടിയാണിത്. അപ്പര്‍ ഡക്കിലാണ് സഞ്ചാരികള്‍ക്ക് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത് ദിവസവും 5 സർവീസുകൾ ഉണ്ട്.രാവിലെ 5:50 ന് ആദ്യ സർവീസും വൈകീട്ട് 5:50 ന് അവസാന സർവീസും നടത്തും.
കാഴ്ചയുടെ അതിശയമാണ് കുട്ടനാട്. പറഞ്ഞുഫലിപ്പിക്കാനോ എഴുതി മുഴുമിക്കാനോ കഴിയില്ല,കണ്ടുതന്നെ അറിയണം ആ സൗന്ദര്യം.പാടവും തോടും നടവരമ്പും മാത്രമല്ല, ചെളിയില്‍ തെന്നിവീഴാത്ത, പ്രളയത്തില്‍ തകര്‍ന്നുപോകാത്ത കരുത്തുള്ള ജീവിതവുമുണ്ട് അവിടെ.റോഡിന് സമാന്തരമായി തോട്, ആമ്പല്‍പൂക്കള്‍, പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍, കൃഷിപ്പണിക്കാര്‍, നടവരമ്പുകള്‍, താറാക്കൂട്ടങ്ങള്‍,വലിയ കെട്ടുവള്ളങ്ങളില്‍ സഞ്ചാരികള്‍, അവയില്‍ വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍…….അങ്ങനെ… അങ്ങനെ…