ആരംഭ അവസ്ഥയിൽ യാതൊരു വിധ ശാരീരിക ലക്ഷണങ്ങളും കൂടാതെ ആയിരിക്കും പലപ്പോഴും “ഫാറ്റി ലിവർ ഡിസീസ്” എന്ന രോഗാവസ്ഥ കണ്ടു വരിക.അപൂർവമായി വയറിന്റെ വലതു വശത്തു വാരിയെല്ലിനു കീഴെയായി കരളിന്റെ ഭാഗത്തു ചെറിയൊരു അസ്വസ്ഥതയോ, ഭാരക്കൂടുതലോ തോന്നിയെന്ന് വരാം.
എന്നാൽ തിരിച്ചറിയപ്പെടാതെ, നിയന്ത്രണവിധേയമാക്കാതെ പോയാൽ “ലിവർ സിറോസിസ്” പോലെ ഒട്ടേറെ മാരക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉള്ള രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പു അടിഞ്ഞു കൂടുന്ന തോതിനു അനുസരിച്ചു 0 മുതൽ 3 വരെ, 4 ഗ്രേഡുകളിലായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ ഗ്രേഡ് 0 നോർമൽ ആയാണ് കണക്കാക്കപ്പെടുന്നത്.1 മുതൽ 3 വരെയുള്ള ഗ്രേഡുകൾ ഫാറ്റി ലിവറിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു.
എന്തൊക്കെ ശ്രദ്ധിക്കണം?
1.ഫാറ്റി ലിവർ ഉണ്ടാകാനുള്ള കാരണങ്ങൾ മുൻനിർത്തി, അതിനെ രണ്ടായി തരം തിരിക്കുന്നു. മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസും (Alcoholic Fatty Liver Disease), മറ്റു കാരണങ്ങളാൽ ഉണ്ടാകുന്ന നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസും (Non alcoholic Fatty Liver Disease). മദ്യപാനികളിൽ ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആയത് കൊണ്ട് തന്നെ മദ്യപാനം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രവുമല്ല മദ്യപാനവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ഫാറ്റി ലിവർ ഡിസീസ്, താരതമ്യേന ഗുരുതരവും, കരളിന്റെ പ്രവർത്തനം പഴയ അവസ്ഥയിലേക്ക് പോകാൻ പറ്റാത്ത തരത്തിലുള്ളതും ആകുന്നു.
2. രക്തത്തിലെ കൊളെസ്റ്ററോൾ പ്രത്യേകിച്ച് ട്രൈഗ്ലിസെറൈഡ് (Tryglyceride) നില കൂടുതലായി കാണുന്നവരിൽ ഫാറ്റി ലിവർ ഡിസീസ്
കൂടുതലായി കണ്ടു വരുന്നു. ആയതിനാൽ ട്രൈഗ്ലിസെറൈഡ് കൂടുതൽ അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം കുറക്കുക.
3.നാര് കൂടുതൽ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.
4.ഒമേഗ 3 ഫാറ്റി ആസിഡ്, കൂടുതൽ അടങ്ങിയ മൽസ്യ വിഭവങ്ങൾ കഴിക്കാവുന്നതാണ്.
5.ഭക്ഷണക്രമം കൃത്യമായി പുലർത്തുക.വിശന്നിരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
6.ആരംഭ ദശയിൽ തന്നെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കേണ്ടതിന്റെ ആവശ്യകത ഉള്ളതിനാൽ, സംശയാസ്പദമായ സാഹചര്യത്തിൽ (പ്രത്യേകിച്ച് രക്തത്തിൽ ഉയർന്ന അളവിൽ ട്രൈഗ്ലിസെറൈഡ് ഉള്ളവർ, മദ്യപാനികൾ, മുതലായവർ) വർഷത്തിലൊരിക്കലെങ്കിലും വയറിന്റെ (Abdominal & Pelvis- USG scan) സ്കാനിംഗ് നടത്തി സംശയ നിവാരണം നടത്തുന്നത് നല്ലതായിരിക്കും.
7.”ഫാറ്റി ലിവർ ഡിസീസ്” നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന മരുന്നുകൾ ഹോമിയോപ്പതിയിൽ ഉണ്ട്.വ്യക്തിയുടെ ശാരീരിക മാനസിക സവിശേഷതകൾ കൂടെ പരിഗണിച്ചാണ് ഹോമിയോപ്പതിയിൽ ഫാറ്റി ലിവർ ഡിസീസിന് മരുന്ന് നിർദേശിക്കുന്നത്.