KeralaNEWS

ഭർത്താവുമായി അകന്നു കഴിഞ്ഞ യുവതിയുടെ വീട്ടിൽ രാത്രി ജാരൻ ഒളിച്ചെത്തി, ഭർത്താവിൻ്റെ പിന്തുണയോടെ ‘സദാചാര പൊലീസ്’ ഇരുവരെയും വളഞ്ഞുപിടിച്ച് പൊലീസിൽ ഏൽപ്പിച്ചു

കോട്ടയം: നഗരാതിർത്തിക്കടുത്ത് ചെങ്ങളത്ത് ഭർത്താവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ രാത്രി എത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞ് വച്ച് പൊലീസിനു കൈമാറി. സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാർ നടത്തിയ ഇടപെടൽ അക്ഷരാർത്ഥത്തിൽ പൊലീസിനു പുലിവാലായി. ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച പൊലീസ്, പ്രായപൂർത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്നു കേസെടുക്കാതെ വിട്ടയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാലു വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ് ചെങ്ങളം സ്വദേശിയായ യുവതി. ഇവരുടെ വീട്ടിൽ സ്ഥിരമായി ആളുകൾ എത്തുന്നു എന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. ഇതേ തുടർന്നാണ് ശനിയാഴ്ച രാത്രി നാട്ടുകാർ ‘സദാചാര പൊലീസ്’ ചമഞ്ഞ് രംഗത്ത് എത്തിയത്. തുടർന്ന്, രാത്രിയിൽ യുവതിയുടെ വീട്ടിൽ എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞു വച്ചു.

പിന്നീട് നാട്ടുകാർ കുമരകം പൊലീസിനെ വിവരം അറിയിച്ചു. ഇതേ തുടർന്ന്, പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. യുവതിയുടെ ഭർത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിർദേശം അനുസരിച്ചാണ് നാട്ടുകാർ ഇരുവരെയും പിടികൂടിയതെന്നു പ്രദേശവാസികൾ പൊലീസിനോടു പറഞ്ഞു.

ഇരുവരെയും സ്‌റ്റേഷനിൽ എത്തിച്ച ശേഷം പൊലീസ് സംഘം രണ്ടു പേരോടും സംസാരിച്ചു. ഭർത്താവുമായി ചേർന്ന് താമസിക്കാൻ താല്പര്യമില്ലെന്ന് യുവതി പൊലീസിനോടു പറഞ്ഞു. തുടർന്ന്, യുവതിയും ഭർത്താവും തമ്മിൽ പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേർപിരിയാമെന്ന ഉറപ്പിന്മേൽ പൊലീസ് മൂന്നു പേരെയും വിട്ടയച്ചു.

Back to top button
error: