Kerala

ഓമന മനസുകളേ, ഓമനയ്ക്കായി ഒന്ന് കനിയണേ… അഞ്ച് ശസ്ത്രക്രിയ, എന്നിട്ടും കിടപ്പില്‍, കിടപ്പിടം നഷ്ടമായി…

കോട്ടയം: സുമനസുകളുടെ കരുണയ്ക്കായി പ്രതീക്ഷയോടെ ഒരു കുടുംബം. 22 വര്‍ഷമായി പലവിധ രോഗങ്ങള്‍ അലട്ടുന്നു ഓമനയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാതെ നിസഹായരായി നില്‍ക്കുകയാണ് കുടുംബം. സ്വന്തമായൊരു വീടുണ്ടായിരുന്നു, ചികിത്സയ്ക്കായി സ്വന്തം വീടും പറമ്പും വിറ്റ് വാടകവീട്ടില്‍ നിസഹായരായി കഴിയുകയാണ് ഇവര്‍.

പാലാ പ്രവിത്താനം മുരിങ്ങയില്‍ ജോസിന്റെ ഭാര്യയാണ് ഓമന. തുടര്‍ച്ചയായ അഞ്ച് ശസ്ത്രക്രിയകള്‍. ഒന്നിന് പിറകെ മറ്റൊന്നായി രോഗങ്ങള്‍. അതീവഗുരുതര നിലയില്‍ കഴിയുന്ന ഒമനയുടെ കുടുംബത്തിന്റെ കൈയില്‍ വായ്പയുടെ കുടിശികയും പലിശയുമായി നോട്ടീസും ഭീഷണികളും മാത്രമാണുള്ളത്. ഇനിയും അടിയന്തര ശസ്ത്രക്രിയകള്‍ ചെയ്താലേ ഓമനയ്ക് ചെറിയതോതിലെങ്കിലും സ്ഥിതി മെച്ചമാക്കാന്‍ കഴിയൂ. ടാപ്പിങ് തൊഴിലാളിയായ ജോസ് തൊഴില്‍ ചെയ്യാന്‍ പോലും പറ്റാതെ ഭാര്യയുമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ്.

നട്ടെല്ലിന്റെ തകരാറായിരുന്നു ആദ്യം. പിന്നീട് സന്ധിവാതം വന്നു. ഗര്‍ഭാശയ മുഴയ്കും ഇടയ്ക് ചികില്‍സ ചെയ്തു. വിവിധ മരുന്നുകള്‍ കഴിച്ച് കൊണ്ടിരിക്കെ ഹൃദയാഘാതം വന്നു. ധമനിയില്‍ രണ്ട് തടസങ്ങളുണ്ടെങ്കിലും ആരോഗ്യം മോശമായതിനാല്‍ മാറ്റാനുള്ള ശസ്ത്രക്രിയ നടന്നില്ല. പിന്നീടാണ് അസ്ഥികള്‍ പൊടിഞ്ഞ് പോകുന്ന പ്രശ്‌നം ഉണ്ടായത്. ഒന്‍പത് വര്‍ഷത്തിനിടെ നാല് ശസ്ത്രക്രിയകള്‍ നടത്തി. 11 ലക്ഷം രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കാലില്‍ അണുബാധ അടുത്തിടെ ശക്തമായതോടെ കാലിലെ നാല് വിരലുകള്‍ മുറിച്ച് നീക്കി. കാലുകളുടെ താഴേഭാഗത്തേക്ക് രക്തപ്രവാഹം ഇല്ലാത്ത നിലയാണിപ്പോള്‍. ഞരമ്പുകള്‍ കൃത്രിമമായി കാലില്‍ ശസ്ത്രക്രിയ ചെയ്ത് പിടിപ്പിക്കുകയാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജോസിന്റെ പേരില്‍ കൊല്ലപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ അകൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍-11060100074757,ഐ.എഫ്.എസ്.സി.കോഡ്- FDRL0001106.ഫോണ്‍-9605960881

Back to top button
error: