KeralaNEWS

കൺവെട്ടത്തു നിന്ന് മറഞ്ഞ അശോകം

 ‘ശോകത്തെ അകറ്റുന്നത്’ അശോകം’.ജനുവരി അവസാനത്തോടെയാണ് അശോകം പൂവിടാൻ തുടങ്ങുന്നത്. അശോകപ്പൂവിന്റെ ഗന്ധം വളരെയേറെ ആകർഷകമാണ്. ചെറിയ തണ്ടിൽ നിന്നുതന്നെ ഉണ്ടാകുന്ന പൂങ്കുലകൾ ചുവപ്പും ഓറഞ്ചും കലർന്ന നിറമായിരിക്കും. വെയിൽ നേരിട്ട് കിട്ടുന്ന നേരങ്ങളിൽ അവയുടെ ഭംഗി ഒന്ന് വേറെ തന്നെ.
       അശോകം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. ഫാബേസിയെ കുടുംബത്തിൽ പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Saraca indica.പട്ടയും പൂവും കായും എല്ലാം ഔഷധയോഗ്യം എങ്കിലും മരപ്പട്ട (Stem bark)ആണ് ഏറ്റവുമധികം ഔഷധത്തിനായി ഉപയോഗിക്കപ്പെടുന്നത്.തൊലി കഷായമായും ചൂർണമായും പാൽക്കഷായമായും ഇത് ഉപയോഗിക്കും.വയറിലെ വീക്കങ്ങൾ,പൈൽസ്, രക്തശുദ്ധി, ചർമരോഗങ്ങൾ, വ്രണങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നുവെങ്കിലും ചികിത്സാഅനുഭവങ്ങളിൽ ഏറ്റവും പ്രധാനമായി തോന്നിയത് ഗർഭാശയ രോഗങ്ങളിൽ ആണ്.
 എൻഡോമെട്രിയോസിസ്, ഗർഭാശയമുഴകൾ, വെള്ളപോക്ക്, ആർത്തവ പ്രശ്നങ്ങൾ,അമിത രക്തസ്രാവം തുടങ്ങി ഒട്ടുമിക്ക ഗർഭാശയ രോഗങ്ങളിലും അശോകം ഒരു ഒറ്റമൂലി എന്നു തന്നെ പറയാം. പരമാവധി സർജറി ഒഴിവാക്കിക്കൊണ്ട് തന്നെ രോഗനിവാരണം തരാൻ അശോകത്തിന് സാധിക്കും.
       ഇക്കാര്യങ്ങളെല്ലാം വൈദ്യ വിധി പ്രകാരം തന്നെ ചെയ്യേണ്ടതുണ്ട്.ഇതിന്റെ പൂക്കൾ നമ്മൾ വെറുതെ കളയേണ്ടതില്ല. അശോക പൂവിനും ചർമ്മ രോഗങ്ങളിലും ഗർഭാശയ ഉദര ആരോഗ്യത്തിലും പ്രമേഹത്തിലും ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്.അശോകപൂവ് ഇട്ട് കാച്ചിയ എണ്ണ കുട്ടികളിലെ കരപ്പാൻ, തോൽ വരൾച്ച തുടങ്ങിയവയ്ക്ക് പുറമേ പുരട്ടാൻ നല്ലതാണ്.അശോക പൂവ് അരച്ച് അല്പം ശർക്കരയും തേങ്ങാപ്പാലും ചേർത്ത് ഉണ്ടാക്കുന്ന പായസവും അടയും രുചികരവും മേൽപ്പറഞ്ഞ രോഗങ്ങളിലും ആരോഗ്യത്തിനും ഉത്തമം തന്നെ.
 അശോകപൂവ് തണലിൽ ഉണക്കി സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെയിരിക്കും.വിവിധ ആഹാരസാധനങ്ങളിൽ ചേർത്തോ, പാനീയം ആയോ രുചിയോടെ കഴിക്കാവുന്നതാണ്.

Back to top button
error: