Business

ഓഹരി നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസം; നാളെ മുതല്‍ ഓഹരി വിപണി ടി+1 സെറ്റില്‍മെന്റ് സംവിധാനത്തിലേക്ക്

മുബൈ: റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തില്‍ ആടി ഉലയുന്ന ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസമായി സെറ്റില്‍മെന്റ് സംവിധാനത്തില്‍ മാറ്റം വരുന്നു. ടി+2 സെറ്റില്‍മെന്റില്‍നിന്ന് ടി+1 സെറ്റില്‍മെന്റിലേക്ക് ഓഹരി വിപണികള്‍ മാറുന്നു. ഓഹരി വിപണിയിലെ ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്യുന്നതിനുള്ള സംവിധാനത്തിന്റെ പുതിയ മാറ്റം ഫെബ്രുവരി 25 മുതല്‍ നടപ്പാക്കും. നിലവില്‍ ഓഹരി ഇടപാടുകള്‍ പൂര്‍ണമാകുന്നതിന് ട്രേഡിംഗ് ചെയ്ത ദിവസം കൂടാതെ രണ്ട് ദിവസമാണ് ആവശ്യമായി വരുന്നത്. ടി+1 സംവിധാനം നടപ്പാക്കുന്നതോടെ ഇടപാട് കഴിഞ്ഞ് ഒരു ദിവസത്തിനകം സെറ്റില്‍മെന്റ് പൂര്‍ണമാകും.

ആദ്യഘട്ടത്തില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 100 ഓഹരികളുടെ ഇടപാടിലാണ് ടി+1 സംവിധാനം നടപ്പാക്കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 500 കമ്പനികളുടെ ഇടപാടുകള്‍ വീതം ഈ രീതിയിലേക്ക് മാറ്റും. ഇതുവഴി ടി+1 സെറ്റില്‍മെന്റ് സൈക്കിളിന് കീഴില്‍ വരുന്ന സ്റ്റോക്കുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അവരുടെ പണമോ ഓഹരികളോ 24 മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യപ്പെടും.

അടുത്ത ആറ് മാസത്തിനുള്ളില്‍ എന്‍എസ്ഇയുടെ 285 സ്റ്റോക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎസ്ഇ 2,500 സ്റ്റോക്കുകള്‍ ടി+1 സംവിധാനത്തിലേക്ക് മാറ്റും. ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചായ ബി.എസ.ഇയില്‍ കൂടുതല്‍ കമ്പനികള്‍ ലിസ്റ്റ് ചെയ്തതാണ് ഇതിന് കാരണം. രണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ 12 ഘട്ടങ്ങളിലായാണ് ടി+1 സെറ്റില്‍മെന്റ് രീതിയിലേക്ക് മാറ്റുക. 2023 ജനുവരി 27നകം ഇത് പൂര്‍ത്തിയാകും. നേരത്തെ, 2003 ല്‍ റെഗുലേറ്ററി അതോറിറ്റിയായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2003 ലാണ് സെറ്റില്‍മെന്റ് സൈക്കിള്‍ ടി+3 ല്‍ നിന്ന് ടി+2 ആയി കുറച്ചത്.

Back to top button
error: