Breaking NewsKeralaMovie

കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായിരുന്നു കെ.പി.എ.സി. ലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹിക പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയ അഭിനേത്രി: പ്രതിപക്ഷ നേതാവ്

കൊച്ചി: കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ അഭിനേത്രിയായിരുന്നു കെ.പി.എ.സി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍ അനുസ്മരിച്ചു. അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവര്‍ അനുപമമാക്കി. സ്വാഭാവിക അഭിനയത്തിന്റെ പാഠശാല. നാടകവേദി മൂര്‍ച്ച കൂട്ടിയതാണ് കെ.പി.എ.സി ലളിതയുടെ അഭിനയ പാടവം. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവര്‍ പ്രവര്‍ത്തിച്ചു. രണ്ടോ മൂന്നോ തലമുറകള്‍ക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം. ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം അര്‍പ്പിക്കുന്നുതായും അദ്ദേഹം പറഞ്ഞു.

മലയാളസിനിമയ്ക്ക് ഈ വിയോഗം വലിയൊരു നഷ്ടം: രമേശ് ചെന്നിത്തല

ആലപ്പുഴ: കെ.പി.എ.സി.ലളിതയുടെ വിയോഗം മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടമാണെന്ന് രമേശ് ചെന്നിത്തല. കൈയില്‍ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവര്‍ന്ന അഭിനേത്രിയായിരുന്നു അവര്‍. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലെ ടിപ്പിക്കല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ കെ.പി.എ.സി. ലളിതയെ വെല്ലാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടമായത് അതുല്യപ്രതിഭയെ: കെ. സുധാകരന്‍

തിരുവനന്തപുരം: കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അനുശോചിച്ചു. നഷ്ടമായത് മലയാള സിനിമയിലെ അതുല്യപ്രതിഭയെ ആണെന്നും സുധാകരന്‍ പറഞ്ഞു.

 

Back to top button
error: