LIFEMovieNewsthen Special

മതിലുകള്‍ക്കപ്പുറം നാരായണി..

“എനിക്ക് ഒരു റോസ ചെടി തരുമോ?”
“നാരായണി എങ്ങനെ അറിഞ്ഞു ഇവിടെ റോസ ചെടിയുണ്ടെന്ന്?”

ബഷീർ എഴുതിയ ഒരു നോവൽ സിനിമയാകുന്നു. നോവലുകൾ സിനിമയാകുന്നത് അത്ര വലിയ പുതുമയുള്ള കാര്യമല്ല. പക്ഷെ സിനിമയിൽ നാരായണി വല്ലാതെ പുതുമ പുലർത്തി.

ബഷീറിന്റെ ‘മതിലുകൾ’ എന്ന നോവൽ സിനിമയാക്കിയപ്പോൾ, മമ്മൂട്ടി ബഷീറായി കഥയിലുടനീളം ജീവിച്ചു. മമ്മൂട്ടി എന്ന വ്യക്തി, ബഷീർ എന്ന കഥപത്രത്തെ ഒന്ന് തൊടാൻ പോലും ശ്രമിച്ചില്ല.

എന്നാൽ ശരീരം അഭിനയത്തിന്റെ എല്ലാമായിരിക്കെ, ശബ്ദത്തിലൂടെ മാത്രം അഭിനയിച്ച ഒരാളുണ്ട് ‘മതിലുകൾ’ എന്ന ചിത്രത്തിൽ. കഴിഞ്ഞ ദിവസം അന്തരിച്ച കെ. പി. എ. സി. ലളിത. എന്ത് രസമാണ് നാരായണിയായി, അവർ സംസാരിച്ചപ്പോൾ. മതിലിനപ്പുറം ബഷീറിനെ കാത്ത് നിൽക്കുന്ന നാരായണിക്ക് സ്‌ക്രീനിൽ ശബ്ദം മാത്രം. എങ്കിലും എല്ലാ പ്രേക്ഷകരും നാരായണി ചിരിച്ചതും, കരഞ്ഞതും, അത്ഭുതപ്പെട്ടതും, പ്രണയിച്ചതും എല്ലാം കണ്ടിട്ടുണ്ട്. ആരും നാരായണിയെ കാണാതിരുന്നില്ല. കേൾക്കുമ്പോൾ തന്നെ കെ പി എ സി ലളിത എന്ന നടിയുടെ മുഖം ഓർമ്മ വരാത്ത ആരുണ്ട്?

ഒരു ജയിൽ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. രാഷ്ട്രീയ തടവുകാരനാണ് ബഷീർ, എഴുത്തും ഉണ്ട്. ജയിലിലെ വാർഡൻ ഒരു ‘കൊച്ചു സാബ്’ ബഷീറിനെ ജ്യേഷ്ഠ തുല്യം സ്നേഹിക്കുന്നുണ്ട്. കുറെ തടവുകാരെ വിട്ടയാക്കാനുള്ള വിധി വന്നെങ്കിലും ബഷീർ വീണ്ടും ജയിലിൽ തുടരേണ്ടി വന്നു. അയാളുടെ നിരാശയെ മമ്മൂട്ടി വല്ലാതെ പ്രതിഫലിപ്പിക്കുന്നു. ജയിലിൽ അയാൾ കുറെ റോസാചെടികൾ നാട്ടുപിടിപ്പിക്കുന്നു.

 

സിനിമയുടെ പകുതിയും കഴിഞ്ഞാണ് നാരായണിയുടെ ശബ്ദം കേട്ട് തുടങ്ങുന്നത്. മതിലിനപ്പുറം ഏതോ ഒരു പെൺശബ്ദം, “ആരാ?” എന്ന്.
അവർ മതിലിന്റെ മറവിൽ സംസാരിച്ചു, സ്നേഹിച്ചു. റോസാ ചെടികൾ കൈമാറി. കഥകൾ കൈമാറി. പ്രണയം കൈമാറി. നാരായണിയുടെ ഒരു ചോദ്യമുണ്ടല്ലോ: “എന്നെ മറക്കുമോ?” എന്ന്. എത്ര കാലം കഴിഞ്ഞാലും എന്ത് സൗന്ദര്യമാണ്. കെ. പി. എ. സി ലളിത അതുല്യമാക്കിയ കുറെ നല്ല നിമിഷങ്ങൾ.

ബഷീറിനൊപ്പം നമ്മളെല്ലാം അവരുടെ മുഖം കാണാൻ കാത്തിരുന്നു, ശബ്ദം പിടികിട്ടിയിട്ടുപോലും. കെ. പി. എ. സി. ലളിത ശബ്ദം പകർന്ന നാരായണിയെ ആരും കാണുന്നില്ല സിനിമയിൽ എങ്ങും. പക്ഷെ അവരുടെ ശബ്ദം എത്ര ലാവണ്യം നിറഞ്ഞ പ്രേമ കാവ്യം പോലെയായിരുന്നു.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു അനുഭവമാണ് ‘മതിലുകൾ’ അതിലുപരി നാരായണി എന്ന പ്രണയ മരത്തെ, ആ മതിലിനപ്പുറം എത്ര സുന്ദരമായാണ് കെ. പി. എ. സി ലളിത എന്ന മഹാനടി നട്ട് വെച്ചത് എന്ന് കാണാം.

Back to top button
error: