KeralaNEWS

സുഖമായി ഉറങ്ങുക ഒരു ഭാഗ്യമാണ്;നല്ല ഉറക്കം കിട്ടാൻ ഇതാ ചില മാർഗങ്ങൾ

ശരിയായ ആരോഗ്യത്തിനും മൊത്തത്തിലുള്ള സൗഖ്യത്തിനും ഭക്ഷണവും വ്യായാമവും കൂടാതെ മികച്ച ഉറക്കവും ആവശ്യമാണ്
 
 

സുഖമായി ഉറങ്ങുക ഒരു ഭാഗ്യമാണ്.ആ ഭാഗ്യമുള്ളവർ വളരെ കുറവും.ലോകപ്രശസ്ത ഫിറ്റ്നെസ് സൊലൂഷൻ സ്ഥാപനമായ ഫിബിറ്റിന്റെ(Fitbit) പഠന റിപ്പോർട്ട് പ്രകാരം-ലോകത്തെ ഏറ്റവും മോശം ഉറക്കക്കാരിൽ മുൻപിലാണത്രെ ഇന്ത്യക്കാരുടെ സ്ഥാനം.ദിവസം ശരാശരി 6.55 മണിക്കൂർ ആണ് ഇന്ത്യക്കാരുടെ ഉറക്കം എന്നാണ് അവർ പറയുന്നത്.

ശരിയായ ആരോഗ്യത്തിനും മൊത്തത്തിലുള്ള സൗഖ്യത്തിനും ഭക്ഷണവും വ്യായാമവും കൂടാതെ മികച്ച ഉറക്കവും ആവശ്യമാണ്.നല്ല ഉറക്കത്തിനു തടസ്സം നിൽക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ശരീരവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ, മദ്യം, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം, ചായ, കാപ്പി പോലുള്ള തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന വസ്തുക്കളുടെ അമിത ഉപയോഗം, ചില മരുന്നുകൾ, വൈകി ഉറക്കം, വൈകി ഉണരൽ, ഉച്ചയുറക്കം, പകലുറക്കം തുടങ്ങിയ ആരോഗ്യകരമല്ലാത്ത ഉറക്ക ശീലങ്ങൾ,ഉത്കണ്ഠ, സംഘർഷം, വിഷാദം തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങൾ– ഇങ്ങനെ ഒത്തിരിയൊത്തിരി പ്രശ്നങ്ങള്‍.

നന്നായി ഉറങ്ങാന്‍ ചില മാര്‍ഗങ്ങള്‍

നല്ല അന്തരീക്ഷം ഒരുക്കുക: ഉറങ്ങുന്നതിന് മുന്‍പ് കിടപ്പുമുറിയില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുക. ടി.വി, കമ്പ്യൂട്ടര്‍ എന്നിവ ഓഫാക്കി വെക്കുന്നതിനോടൊപ്പം മൊബൈല്‍ ഫോണ്‍ കിടക്കയില്‍ നിന്നും മാറ്റി ദൂരെ വെയ്ക്കാനും ശ്രദ്ധിക്കുക. ഇത് റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്നതോടൊപ്പം ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ശബ്ദവും വെളിച്ചവും സൃഷ്ടിക്കുകയുമില്ല.നിശബ്ദമായ ഇരുണ്ട, തണുത്ത അന്തരീക്ഷം നല്ല ഉറക്കം പ്രദാനം ചെയ്യും. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും വെളിച്ചമണച്ച് മുറിയില്‍ ഉറങ്ങാനുളള അന്തരീക്ഷം ഉണ്ടാക്കുക.

ലഹരിപാനീയങ്ങള്‍ ഒഴിവാക്കുക: ഉറങ്ങുന്നതിന് മുന്‍പ് കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഉറക്കക്കുറവിന് കാരണമാകുകയും ചെയ്യുന്നു. മദ്യപാനവും പുകവലിയും ഒഴിവാക്കുക.
സ്ഥിരമായി വ്യായാമത്തിലേര്‍പ്പെടാം:  സ്ഥിരമായി ലളിതമായ വ്യായാമത്തിലേര്‍പ്പെടുന്നത് നല്ല ഉറക്കം പ്രദാനം ചെയ്യും.
ലളിതമായ ഭക്ഷണം: ഉറങ്ങുന്നതിന് മുന്‍പ് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും  ഭക്ഷണം കഴിക്കണം.ലളിതമായ ഭക്ഷണമാണ് രാത്രി കഴിക്കാന്‍ അനുയോജ്യം.മിതമായ ഭക്ഷണത്തിന് ശേഷം ഫ്രൂട്ട്‌സ് കഴിക്കുന്നത് ദഹനം സുഗമമാക്കാന്‍ സഹായകരമാകും.
ശരീരത്തിനും വേണമൊരു ക്ലോക്ക്: എല്ലാ ദിവസം ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം നിശ്ചയിക്കുക. ഇത് കൃത്യമായ ഉറക്കം ഉറപ്പുവരുത്താന്‍ സഹായിക്കും.ഇത് ശരീരത്തിനും ബുദ്ധിക്കും ഉന്മേഷം പ്രദാനം ചെയ്യും.
ഉച്ചയുറക്കം കുറയ്ക്കുക: ഉച്ചയുറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുന്നതിനാല്‍, പകല്‍ നേരങ്ങളില്‍ 20 മിനിറ്റിലധികം ഉറങ്ങാതിരിക്കുക. ഉച്ചയുറക്കം വരുമ്പോള്‍ കുറച്ചുദൂരം നടന്നോ ഒരു ഗ്ലാസ് വെള്ളം കുടിച്ചോ മറ്റോ ശ്രദ്ധതിരിക്കാം.
മനസ്സ് ശാന്തമാക്കുക: ഉറങ്ങുന്നതിന് മുന്‍പ് മനസ്സ് ശാന്തമാക്കുക അനാവശ്യചിന്തകള്‍ ഒഴുവാക്കുന്നതിനോടൊപ്പം ഒരു ഗ്ലാസ് ഇളം ചൂടുളള പാല് കുടിച്ചോ നല്ല പുസ്തകങ്ങള്‍ വായിച്ചോ സംഗീതം ശ്രവിച്ചോ മനസ്സിനെ ശാന്തമാക്കിയ ശേഷം ഉറങ്ങുക.
വൈദ്യസഹായം : സ്ഥിരമായി ഉറക്കപ്രശ്നങ്ങൾ ഉള്ളയാളാണെങ്കിൽ വൈദ്യസഹായം തേടാം.സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങൾ ശ്വസനതടസ്സം വരെ ഉണ്ടാക്കാം എന്നതിനാൽ ഇത്തരക്കാർ ചികിത്സ തേടണം.

Back to top button
error: