Crime

സേനയുടെ മാനം കാക്കാന്‍ ആ ‘സുഹൃത്തുക്കളെ’ കോട്ടയം ജില്ലാ പോലീസ് വേര്‍പെടുത്തി

പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനില്‍ നടന്നത് വാട്സ് ആപ് ബ്ലോക്കിനെ ചൊല്ലിയുള്ള തര്‍ക്കം

പൊന്‍കുന്നം: പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ പള്ളക്കത്തോട് പോലീസ് സ്റ്റേഷനിലെ വിവാദമായ കയ്യാങ്കളി കേസ് കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക് കടക്കാതെ അവസാനിപ്പി്ക്കാന്‍ നിര്‍ദ്ദേശം. സേനയുടെ മാനം കാക്കാന്‍ ഒടുവില്‍ ആ ‘സുഹൃത്തുക്കളെ’ കോട്ടയം ജില്ലാ പോലീസ് വേര്‍പെടുത്തി. വാട്സ് ആപ്പിലും ഫോണിലും ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളി വരെ എത്തിയത്.

എസ്ഐയും വനിതാ പോലീസ് ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന സൗഹൃദം എസ്ഐയുടെ ഭാര്യ കണ്ടെത്തുകയും തുടര്‍ന്ന് എസ്ഐ ഉദ്യോഗസ്ഥയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതാണ് പരിധി വിട്ട പ്രശ്നങ്ങളിലേക്ക് എത്തിച്ചത്. യൂണിഫോം ധരിച്ച് സ്റ്റേഷനുള്ളില്‍ ഏറ്റുമുട്ടിയ ‘സുഹൃത്തുക്കളെ’ പല വഴി പിരിച്ചാണ് ജില്ലാ പോലീസ് അംഗീകാരം നല്‍കിയത്. പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനില്‍നിന്ന് പറപറന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ വീടിന് സമീപത്തെ മുണ്ടക്കയം സ്‌റ്റേഷനില്‍ ജോലി ചെയ്യും. നിലവിലുള്ള സ്റ്റേഷനില്‍നിന്ന് തട്ട് കിട്ടിയ എസ്ഐ ഇനി മുതല്‍ ചിങ്ങവനത്താകും സേവനം അനുഷ്ഠിക്കുക.

Signature-ad

കഴിഞ്ഞ ദിവസമാണ് പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയ ബ്ലോക്ക് നാടകം അരങ്ങേറിയത്. പോലീസുകാര്‍ നല്‍കുന്ന രഹസ്യ വിവരം അനുസരിച്ച് വനിതാ പോലീസ് ഉദ്യേഗസ്ഥയും എസ്‌ഐയും തമ്മില്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ നല്ല സൗദൃത്തിലായിരുന്നു. രാവിലെ ഗുഡ് മോണിങ് അയച്ച് തുടങ്ങിയ ‘സൗഹൃദം’ രാത്രി വരെ എത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. സൗഹൃദത്തിലെ കട്ടുറുമ്പായി എസ്‌ഐയുടെ ഭാര്യ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. നിരന്തരമായി എസ്‌ഐയുടെ ഫോണിലേക്ക് സുഹൃത്തിന്റെ സന്ദേശങ്ങള്‍ എത്തിയതിനെ ഭാര്യ ചോദ്യം ചെയ്തു. ഓഫീഷ്യല്‍ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും ഭാര്യക്ക് മറുപടി മതിയായിരുന്നില്ല. ഫോണ്‍ പരിശോധിച്ച് ഭാര്യ വനിതാ പോലീസ് ഉദ്യോഗസ്ഥയെ നേരിട്ട് വിളിച്ച് കേസിന് തീര്‍പ്പുണ്ടാക്കി.

ഭാര്യ ഉദ്യോഗസ്ഥയെ വിളിച്ചതിനെത്തുടര്‍ന്ന് എസ്‌ഐയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നമ്പരുകളിലെ വാട്സ് ആപ്പിലും കോളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. പിറ്റേന്ന് സ്റ്റേഷനിലെത്തിയ എസ്‌ഐയോട് വനിതാ പോലീസ് ഉദ്യോഗസ്ഥ ഇത് ചോദിച്ചു. ചോദ്യത്തിന്റെ ശബ്ദം ഉയര്‍ന്നതോടെ സ്റ്റേഷനിലുള്ളവരെല്ലാം മറുപടിയും ചോദ്യവും കേട്ടു. ഒടുവില്‍ വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കും എത്തി. സംഭവം നാറ്റക്കേസായതോടെ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ്, സഭ്യകരമല്ലാത്ത പ്രവര്‍ത്തനം നടത്തിയതായി കണ്ട് രണ്ട് പേരെയും സ്ഥലം മാറ്റുകയായിരുന്നു. രണ്ട് പേരും രാവിലെ തന്നെ നിര്‍ദ്ദേശിച്ച സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്യണമെന്നാണ് ജില്ലാ പോലീസ് നിര്‍ദ്ദേശം. പോലീസിന് മാനക്കേട് ഉണ്ടാക്കിയെങ്കിലും കൂടുതല്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് നിര്‍ദ്ദേശം.

 

Back to top button
error: