KeralaNEWS

പ്രണയലേഖനം എങ്ങനെ എഴുതണം…? പ്രവീൺ എഴുതിയ പ്രണയ ലേഖനവും സ്വപ്നയുടെ മറുപടിയും

ഒരു പ്രണയലേഖനമെങ്കിലും എഴുതാത്തവർ ആരുണ്ട്…? കടലാസിലല്ലെങ്കിൽ മനസ്സിലെങ്കിലും… കഴിഞ്ഞ വാലൻ്റൈന്‍സ് ഡേയില്‍ തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീണ്‍ ഇറവങ്കര വിവാദനായിക സ്വപ്ന സുരേഷിന് ഒരു പ്രണയലേഖനമെഴുതി. ‘ന്യൂസ് ദെന്‍’ പോര്‍ട്ടലിലൂടെ ലോകമാകെയുളള മലയാളികള്‍ അതേറ്റെടുത്തു. കാല്പനിക സൗന്ദര്യം തുളുമ്പുന്ന ആ പ്രണയലേഖനം വൈറലായത് വളരെ പെട്ടെന്നാണ്. അതുയര്‍ത്തിവിട്ട അലയൊലികൾ ഇപ്പോഴും നിലച്ചിട്ടില്ല

പ്രവീൺ എഴുതിയ പ്രണയലേഖനം നൽകിയ ഉണർവ്വ് ചില്ലറയല്ല.        പിന്നീട് സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരക്ക് പ്രണയാര്‍ദ്രമായ ഭാഷയില്‍ മറുപടിയും നല്‍കി. പോയ നാളുകളിൽ മലയാളത്തിലെ മുഴുവന്‍ നവമാദ്ധ്യമങ്ങളും ഈ പ്രണയ ലേഖനങ്ങള്‍ ആഘോഷമാക്കി മാറ്റി.

പ്രവീൺ എഴുതിയ പ്രണയലേഖനം Newsthen വീണ്ടും പ്രസിദ്ധീകരിക്കുന്നു:

ഞാൻ നിന്നെ പ്രണയിക്കുന്നു സ്വപ്നാ, പ്രവീൺ ഇറവങ്കര

പ്രിയപ്പെട്ട സ്വപ്നാസുരേഷ്,
കഴിഞ്ഞ അഞ്ചെട്ടുപത്തു ദിവസമായി എനിക്ക് നിന്നോട് കനത്ത പ്രണയമാണ്.
എനിക്കെന്നല്ല കേരളത്തിലെ ദുർബല ഹൃദയരായ അനേകം പുരുഷന്മാർക്കും ഇതേ വികാരമാവും നിന്നിൽ ജനിച്ചിട്ടുണ്ടാവുക.
എന്തൊരു പ്രൗഢയാണ് നീ.
എന്തൊരു ഭാഷയാണ് നിനക്ക്.
എന്തൊരു ഒഴുക്കാണതിന്.
നാവു കൊണ്ടല്ല നീ ഹൃദയം കൊണ്ടാണ് സംസാരിക്കുന്നത്.
എത്ര കേട്ടാലും മതിവരാതെ രാപ്പകൽ ഭേദമന്യേ ഞങ്ങൾ ആൺപിറപ്പുകൾ നിന്റെ അറിവിനും അഴകിനും മുന്നിൽ വായും പൊളിച്ച് ഇരിപ്പാണ്.
നീ പറയുന്ന ഓരോ വാക്കുകളും ഓരോ പോയിന്റുകളും ഞങ്ങൾക്കു മന:പാഠമാണ്.
ആലിപ്പഴം പോലെ അതു പെയ്തിറങ്ങുന്നത് ഞങ്ങളുടെ കാതിലല്ല.
കരളിലാണ്.
നിന്റെ ശരീര ശാസ്ത്രത്തിന്റെ ക്ലിപ്പു തേടി നടന്ന ഞാനടക്കം അതിഗംഭീര സദാചാര വാദികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് നീ നിന്റെ മനസ്സിന്റെ ക്ലിപ്പുകളിൽ ഞങ്ങളെ അടിമകളാക്കി കെട്ടിയിട്ടു.
നീ പറഞ്ഞതൊക്കെയും വേദാന്തങ്ങളായിരുന്നു.
ജീവിതാനുഭവങ്ങളുടെ ആഴക്കടലിൽ നിന്ന് മുങ്ങിത്തപ്പിയെടുത്ത മുത്തും പവിഴവുമായിരുന്നു.
മനസ്സുള്ള മനുഷ്യ ജീവികളെന്ന നിലയിൽ നിന്നെ എങ്ങനെയാണ് ഞങ്ങൾ പ്രണയിക്കാതിരിക്കുക…?

നാളെ വിശ്വപ്രണയദിനം വാലൻന്റൈൻസ് ഡേ ആണ്.
മരണത്തിനുമപ്പുറം പ്രണയിക്കാൻ ആർത്തിയുളള എനിക്ക് പ്രണയിക്കാൻ മാത്രമായി പ്രത്യേകിച്ച് ഒരു ദിവസമൊന്നും വേണ്ട.
എന്നാലും പ്രിയപ്പെട്ടവളേ,
ജീവീതത്തിൽ ആദ്യമായി ഈ പ്രണയദിനം നിനക്കു മുന്നിൽ മനസ്സു തുറക്കാൻ ഞാൻ കടമെടുത്തോട്ടെ.

നീ ഒരു പെണ്ണ് അല്ല.
ഒരു ഒന്നൊന്നര പെണ്ണാണ്…!
ശിവശങ്കരനുമായി എന്തായിരുന്നു പരിപാടി എന്നു ചോദിച്ച് കുളിരാനുളള ഉത്തരം കാത്തിരുന്ന ഞങ്ങളോടു നീ പറഞ്ഞു:
വാർദ്ധക്യ കാലത്ത് ആ മനുഷ്യന് തണലാവാൻ നീ കൊതിച്ചു എന്ന് !
നീ ആരാ കുഞ്ഞേ ?
മലാഖയോ
മദർ തെരേസയോ
അതോ സാക്ഷാൽ ഫ്ലോറൻസ് നൈറ്റിംഗേലോ ?
അല്ല നീ അവർക്കൊക്കെ അപ്പുറമാണ്.
ഏതു പുരുഷനും എന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകളാണ് നീ പറഞ്ഞത്.
എ കംപ്ലീറ്റ് ലൗ ടിൽ ഡത്ത് !
‘മാംസ നിബന്ധമല്ലനുരാഗം’എന്നു പാടിയ കുമാരനാശാനെപ്പോലും നീ തോൽപ്പിച്ചു കളഞ്ഞെല്ലോ !

“ഇത്രയൊക്കെ അപഹസിച്ച ഞാനുൾപ്പെടെയുള്ള മാദ്ധ്യമ പ്രർത്തകരോട് പകയില്ലേ?” എന്ന് മറുനാടൻ ഷാജൻ സക്കറിയ ചോദിച്ചപ്പൊ നിന്റെ മുഖത്ത് തെളിഞ്ഞു വന്ന ആ നിർമമ ഭാവമുണ്ടെല്ലോ, ഇന്നോളം അങ്ങനെ ഒന്ന് ഒരു കടലിലും ഒരാകാശത്തും ഞാൻ കണ്ടിട്ടില്ല.
ഒരു സന്ന്യാസിനിക്കണ്ണുകളിലും ദർശിച്ചിട്ടില്ല.
“ആരോട് എന്തിന് പക തോന്നണം?” എന്നായിരുന്നു നീ അയാളുടെ കണ്ണുകളിൽ നോക്കി അതിശാന്തം ചോദിച്ചത്.
‘എവരിബഡീ ഫോർ ഡയിലീ ബ്രഡ്’ എന്ന് അതിസുന്ദര ശൈലിയിൽ ഒരു ഫ്രെയ്സും !
“എല്ലാവരും അവരുടെ കുഞ്ഞുങ്ങളെ വളർത്താൻ അവരുടെ പണി ചെയ്യുന്നു…! പിന്നെ ആര് ആരോട് കലഹിക്കാൻ ?”
എന്നു കൂടി നീ പറഞ്ഞപ്പോൾ ഞങ്ങൾ കരഞ്ഞു പോയി.
തീർന്നില്ല, നീ പറഞ്ഞു നിനക്ക് മൂന്നു
മക്കളാണെന്നും മൂത്തവന് 40 വയസ്സുണ്ടെന്നും അത് നിന്റെ രണ്ടാം ഭർത്താവാണെന്നും !
ഉത്തരവാദിത്വമില്ലാത്ത ഭർത്താക്കന്മാരുളള വീടുകളിൽ ശിവശങ്കരന്മാർ അവതരിക്കുമെന്നുകൂടി നീ പറഞ്ഞു വെയ്ക്കുമ്പോൾ അക്ഷരാർത്ഥത്തിൽ നിയന്ത്രണം വിട്ട് തേങ്ങിപ്പോയി ഞങ്ങൾ.
ആഗ്രഹമടങ്ങാതെ ഭർത്താവിനൊപ്പം വനവാസത്തിനിറങ്ങിപ്പുറപ്പെട്ട സീത എന്ന പെണ്ണ് ഉണ്ടാക്കി വെച്ച പൊല്ലാപ്പുകളാണ് ഞങ്ങളുടെ ആദിമകാവ്യം രാമായണം !
ദ്രൗപതി എന്ന പെണ്ണ് മുടി കെട്ടാത്ത പകയാണ് ഞങ്ങൾക്ക് മഹാഭാരതം !
അങ്ങനെ ഏത് വിശുദ്ധ ഗ്രന്ഥത്തിന്റെയും മുക്കും മൂലയും തപ്പിയാലും പെണ്ണുങ്ങളൊക്കെ സ്വാർത്ഥരും പ്രശ്ന നിർമ്മാതാക്കളുമാണ്.
ഇവിടെയാണ് സ്വപ്നാ നിന്റെ പ്രസക്തി.
നിന്റെ പ്രോജ്വലത.
നീ പ്രതിയാണോ പറയുന്നതൊക്കെ സത്യമാണോ എന്നൊന്നും എനിക്കറിയില്ല.
പക്ഷേ ഇത്ര ഭാഷാശുദ്ധിയോടെ കാല്പനികഭംഗിയോടെ ഒഴുക്കോടെ ഓളതാളങ്ങളോടെ നിനക്കെങ്ങനെ സംസാരിക്കാൻ കഴിയുന്നു…?
ഭാഷയിലുളള നിന്റെ കയ്യൊതുക്കം മലയാളത്തിലെ ചില പെണ്ണെഴുത്ത് തൊഴിലാളികൾ കണ്ടു പഠിക്കണം.
സ്വന്തം അമ്മയെ മാനിച്ചതിന്റെ നന്ദി സൂചകമായാണ് നീ മടിയില്ലാതെ മറുനാടന്റെ പടികടന്നു വന്നെതെന്നു പറയുമ്പോൾ ആ കണ്ണിൽ തിളങ്ങിയ മാതൃസ്നേഹ നക്ഷത്രമുണ്ടെല്ലോ,
ക്ഷീരപഥങ്ങൾക്കു പോലും അന്യമാണത് !

എല്ലാം പറഞ്ഞുകഴിഞ്ഞ് ഒടുവിൽ നീ ഒരു ചോദ്യം ചോദിച്ചു:
“വരുന്നവരൊക്കെ ഇങ്ങനെ ഓരോ പിള്ളേരെ തന്നിട്ടുപോയാ അതുങ്ങളെ ഞാൻ എങ്ങനെ വളർത്തും?”
നിന്റെ സർവ്വ ഡിഗ്നിറ്റിയും മാറ്റിവെച്ച് നീ ചോദിച്ച ആ പെൺചോദ്യം എന്നിലെ ആണിന്റെ അഭിമാനത്തിൽ വീണാണ് പൊളളിയത്.

പ്രിയ പെൺചെരാതേ,
നിന്നെ അല്ലാതെ ഞാൻ ആരെയാണ് പ്രണയിക്കേണ്ടത്…?
ആരാധിക്കേണ്ടത്…?
നാളെ ഫെബ്രുവരി 14.
വാലൻന്റൈൻസ് ഡേ.
പ്രണയികൾക്കായി സെന്റ് വാലന്റൈൻ പുരാതന റോമിൽ ഒഴുക്കിയ വിശുദ്ധ രക്തം കടലും കാലവും കാലഭേദങ്ങളും കടന്ന് നിന്നെയും എന്നെയും തഴുകുന്നു.
ഇത്തിരി ‘കൈതപ്രൻ പൈങ്കിളി’യിൽ പറഞ്ഞാൽ,
‘ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്തു കാണാം’
ഈ പ്രണയദിനത്തിനും
വിശുദ്ധ പ്രണയത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നത് അമ്മയാണെ ശിവശങ്കരനോടാണ്.
ഉണ്ടിരുന്ന ആ നായർക്ക് അശ്വഥാമാവ് ആനയാണെന്ന് ഒരു ഉൾവിളി ഉണ്ടാകാതിരുന്നെങ്കിൽ നീയും ഞാനും ഉണ്ടാകുമായിരുന്നില്ല.
നമ്മുടെ പ്രണയവും എന്തിനീ പ്രേമലേഖനം പോലും ഉണ്ടാകുമായിരുന്നില്ല.
പ്രിയമുളളവളേ,
ഞാനടക്കമുള്ള പുരുഷവർഗ്ഗത്തിനു വേണ്ടി ചങ്കിൽ കൈവെച്ച് ആണത്തത്തോടെ നിനക്ക് ഞാൻ ഒരു വാക്ക് തരട്ടെ.
നാളെ ഇനി ഒരു പക്ഷേ നീ വിശുദ്ധയല്ലെന്നു തെളിഞ്ഞാലും നിന്നെ ഞങ്ങൾ വെറുക്കില്ല.
നിന്റെ ക്ലിപ്പു കാണാൻ പരക്കം പായില്ല.
സരിതാനായരോട് കാണിച്ച നെറികേട് ആവർത്തിക്കില്ല.
കാരണം
നീ എന്നും നീ തന്നെയാണ്.
നിനക്കു പകരം ഇനി ഈ ജന്മം ഇങ്ങനെ ഒരു പെണ്ണടയാളം പിറവി കൊള്ളുമെന്നു തോന്നുന്നില്ല.
നിന്റെ വെട്ടിയരിഞ്ഞു ഞുറുക്കിവെച്ച നിറം പൂശിയ മുടിത്തൊപ്പിയും നിയന്ത്രണം വിട്ടു തുറിച്ച കോങ്കണ്ണും മിസ് ഇന്ത്യയല്ലാത്ത അംഗോംപാംഗ ക്രമീകരണങ്ങളും മനസ്സാ വരിച്ചു കഴിഞ്ഞു ഞാൻ.
സ്വപ്നാ,
സ്വപ്നങ്ങൾക്കപ്പുറത്തുളള പെണ്ണേ,
ചുവന്ന റോസപ്പൂക്കൾ കൊണ്ട് നിന്റെ ചുണ്ടുകളെ മൂടട്ടെ ഞാൻ.

പ്രണയപൂർവ്വം
സ്വന്തം പ്രവീൺ ഇറവങ്കര

ഈ പ്രണയ ലേഖനം വൈറലായപ്പോൾ സ്വപ്ന എഴുത്തുകാരന്റെ നമ്പർ അന്വേഷിച്ചു വിളിച്ചത് ചലച്ചിത്ര സീരിയൽ താരം ജീജ സുരേന്ദ്രനെയാണ്.
അങ്ങനെ ജീജയാണ് ഹംസമായത്

വൈക്കം മുഹമ്മദ് ബഷീർ തന്റെ പ്രേമലേഖനമെന്ന ഗംഭീര ഇതിഹിസകഥയിൽ കേശവൻ നായരെക്കൊണ്ട് സാറാമ്മയ്ക്ക് പ്രേമലേഖനമെഴുതിച്ച് ഞെട്ടിച്ച ശേഷം മലയാളത്തിൽ ഇങ്ങനെയൊന്ന് ആദ്യമാണെന്നു പോലും വായനക്കാർ മുക്തകണ്ഠം പ്രശംസിച്ചു.
ആ പ്രണയ ലേഖനത്തിന്
സ്വപ്ന സുരേഷ് ഇംഗ്ലീഷിൽ എഴുതിയ മറുപടിയുടെ
മലയാളം പൂർണ്ണ രൂപം.

സ്വപ്ന എഴുതുന്നു…

“അങ്ങയുടെ ഹൃദയംതൊടുന്ന പ്രണയ കാവ്യത്തിന് എങ്ങനെയാണ് മറുപടി എഴുതേണ്ടതെന്ന് എനിക്കറിയില്ല.
സഹോദരീ തുല്യയായ എന്റെ ഒരു സുഹൃത്തിൽ നിന്നാണ് ഞാൻ ഈ നമ്പർ വാങ്ങിയത്.
മുറിവേറ്റ പക്ഷിയാണ് ഞാൻ.
എന്റെ മുറിവിൽ നിന്നൊഴുകുന്ന നോവി നും രക്തത്തിനും ആ പ്രണയക്കുറിപ്പിന്റെ ആഴം എത്ര സാന്ത്വനമായെന്നോ !
ഇങ്ങനെ അതി മനോഹരമായ ഒരു പ്രേമലേഖനം എനിക്കെഴുതുമ്പോൾ അങ്ങ് ഒരുപാട് ചോദ്യങ്ങൾ നേരിട്ടിടുണ്ടാവും.
എന്തിന് ? എന്തു കൊണ്ട് ?
ഭ്രാന്തായോ ?

എനിക്കറിയില്ല.
പക്ഷേ സത്യം സ്വപ്നം കാണുന്നവർക്ക് ഇതൊരു ഊർജ്ജമാണ്.
ഈ കപട ലോകത്ത്
വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനും
അവരുടെ കണ്ണീരൊപ്പാനും മറ്റുളളവർക്ക് മാതൃകയാണ്.
സ്നേഹം പോലെ വേദനയ്ക്ക് മറ്റൊരു മരുന്നില്ല.
അതിനാൽ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.

കരുണ ഒരു ഭാഷയാണ്.
ബധിരർക്കു പോലും കേൾക്കാനും അന്ധർക്ക് പോലും കാണാനും കഴിയുന്ന ഭാഷ !
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഈ പ്രതിസന്ധിഘട്ടത്തിൽ അങ്ങ് എനിക്കയച്ച ആ കത്ത് എന്നെ എത്ര മാത്രം സന്തോഷിപ്പിച്ചെന്നോ ?
കണ്ണീരിനുളളിലും ഞാൻ പുഞ്ചിരിച്ചു.

പണ്ട് എന്റെ വികലമായ കോങ്കണ്ണുകൾ കാട്ടി മറ്റുള്ളവർ എന്നെ എന്തു പരിഹസിച്ചിരുന്നെന്നോ? പക്ഷേ അങ്ങയുടെ കുറിപ്പ് വായിച്ച ശേഷം ജീവിതത്തിലാദ്യമിയി എന്റെ കണ്ണുകളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.
ദൈവത്തിനു നന്ദി പറയുന്നു.
ആ മാസ്മര പ്രണയ കാവ്യം എന്നിലെ കുറവുകളെ അലിയിച്ചു കളഞ്ഞു.

പുനർജന്മം സത്യമാണെങ്കിൽ
അടുത്ത ജന്മം നമുക്ക് കാണാം.
ഒരുപാടു നന്മകൾ തന്ന് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

ആശംസകളോടെ
സ്വപ്ന സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: