‘ആറാട്ടി’ൽ നിന്ന് ഒരാള്‍ കൂടെ വിടവാങ്ങി: ഓര്‍മ്മകളില്‍ ബി. ഉണ്ണികൃഷ്ണന്‍.
അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ ഓർമ്മകളിൽ ബി. ഉണ്ണിക്കൃഷ്ണൻ. ഫെബ്രുവരി 18 ന് റിലീസ് ചെയ്യാനിരിക്കുന്ന തന്റെ ‘ആറാട്ട്’ എന്ന ചിത്രത്തിൽ മോഹൻലാലും പ്രദീപും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നുവെന്ന് ബി. ഉണ്ണിക്കൃഷ്ണൻ പറയുന്നു. രണ്ടു ദിവസം മുമ്പും പ്രദീപ് ആറാട്ടിന്റെ വിശേഷങ്ങൾ ചോദിച്ച് വിളിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണി കൃഷ്ണന്റെ വാക്കുകൾ:
‘പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, ‘ആറാട്ടി’ന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു.
‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു.
ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്.തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. ‘ആറാട്ടി’ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ’’
2001–ൽ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാ അരങ്ങേറ്റം. എന്നാൽ 2010–ൽ ഗൗതം മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രം പ്രദീപിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു.
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധ നേടി.
ഇന്നു പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് കോട്ടയം പ്രദീപ് അന്തരിച്ചത്. അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ആറാട്ട്.