മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ യുവാക്കളാണെന്ന വിലയിരുത്തലുകള്‍ ശരിയാകും വിധത്തിലാണ് ലഹരിപാര്‍ട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചത് നടന്നതെന്ന് എക്സൈസ് പറയുന്നു.
സമീപകാലത്തെ തന്നെ ഏറ്റവും വലിയ വേട്ടയാണ് ഇന്നലെ കോഴിക്കോട്ടു നടന്നത്. പിടിയിലായതാകട്ടെ യുവാവും. വലന്റെന്‍സ് ഡേ പാര്‍ട്ടിക്കായി വില്പനയ്ക്കെത്തിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളായ 13.03 മില്ലിഗ്രാം എംഡിഎംഎയും 25 എല്‍എസ്ഡി സ്റ്റാമ്പുകളുമായി താമരശേരി രാരോത്ത് അമ്പായത്തോട് മീന്‍കുളത്ത് ചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷന് ജേക്കബ് ഉമ്മന്‍(35) മാങ്കാവില്‍ അറസ്റ്റിലായത്. ഫറോക്ക് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ സതീശനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ബംഗളൂരുവില്‍നിന്ന് വില്‍പ്പനക്കെത്തിക്കുന്ന മയക്കുമരുന്നുകള്‍ താമരശേരി, കുന്നമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളില്‍ വില്പന നടത്താന്‍ കൊണ്ടുവന്നതാണെന്നു പ്രതി പറഞ്ഞു. പലേടത്തും ഇതിനകം മയക്കുമരുന്നുകള്‍ എത്തിച്ചു കഴിഞ്ഞതായും വിവിധ ഹോട്ടലുകളില്‍ പ്രണയദിന മറവിൽ പാര്‍ട്ടികള്‍ അരങ്ങേറിയതായും ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരുന്നു.
കൊച്ചിയിൽ ഇന്നലെ രാത്രി ഹോട്ടലിൽ നടന്ന റെയ്ഡിൽഎംഡിഎംഎയുമായി എട്ടു പേർ പിടിയിലായി. ഹോട്ടലിൽ മുറിയെടുത്ത ശേഷം മയക്കുമരുന്നു വില്‍ക്കുകയായിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. 60 ഗ്രാം എംഡിഎംഎയാണ് ഇവിടെനിന്നു പിടിച്ചെടുത്തത്.