വിജിലൻസ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അഴിമതിക്കാർ ഉള്ള തു റവന്യു വകുപ്പിൽ. അഴിമതി തടയാനായി സംസ്ഥാനത്തെ വിജിലൻസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പലരും പിടിയ്ക്കപ്പെടുന്നില്ല.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ നടത്തിയ ഓപ്പറേഷനിൽ 123 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്.
ഏറ്റവും കൂടുതൽ അഴിമതി റവന്യൂ വകുപ്പിലാണ്. 33 ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അഴിമതിയിൽ രണ്ടാം സ്ഥാനം പഞ്ചായത്ത് വകുപ്പിനാണ് , 15 ഉദ്യോഗസ്ഥരാണ് ഈ വകുപ്പിൽനിന്നു വിജിലൻസ് പിടിയിലായത്. മൂന്നാം സ്ഥാനം നഗരകാര്യവകുപ്പിനാണ് 11 പേർ അറസ്റ്റിലായിട്ടുണ്ട്.
പോലീസ് വകുപ്പിൽനിന്നു പത്തു പേരും വനംവകുപ്പിൽനിന്ന് ആറ് പേരും നികുതി വകുപ്പിൽനിന്നും ആറ് പേരും കൃഷി വകുപ്പിൽനിന്ന് അഞ്ച് പേരും മോട്ടോർ വെഹിക്കിൾ വകുപ്പ്, ലീഗൽ മെട്രോളജി, എസ് സി, എസ് ടി വകുപ്പ്, സർവേ , ആനിമൽ ഹസ്ബന്ററി എന്നീ വകുപ്പുകളിൽനിന്നു രണ്ടു പേർ വീതവും അറസ്റ്റിലായിട്ടുണ്ട്.
ഫയർഫോഴ്സ് , എക്സൈസ് വകുപ്പ്, സഹകരണവകുപ്പ്, തൊഴിൽ, കെഎസ്ഇബി, പിആർഡി, കോളജ് എഡ്യൂക്കേഷൻ എന്നി വകുപ്പുകളിൽ ഓരോരുത്തർ അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയം ജില്ലയിൽ 20 പേർ. രണ്ടാം സ്ഥാനം ഇടുക്കി 14, പാലക്കാട് 12 പേരും അറസ്റ്റിലായി.
എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഒൻപതു പേർ വീതവും കോഴിക്കോട്, കാസർകോട് അഞ്ചു പേർ വീതവും വയനാട്ടിൽ മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. 2016 മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ വിജിലൻസ് കണ്ടെത്തിയ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കണക്കുകളാണിത്.