റെയിൽവെ പ്ലാറ്റ് ഫോമിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചു, കാസർകോട് കണ്ണങ്കൈയിലെ കെ വിപിൻ ആണ് പോത്തന്നൂർ റെയിൽവെ സ്റ്റേഷനിൽ ദാരുണമായി മരിച്ചത്
പിലിക്കോട്: ട്രെയിൻ മാറി കയറിയ യുവാവ് പ്ലാറ്റ് ഫോമിൽ തലയിടിച്ച് വീണ് മരിച്ചു. കണ്ണങ്കൈയിലെ കെ വിപിൻ (24) ആണ് വെള്ളിയാഴ്ച രാവിലെ പോത്തന്നൂർ റെയിൽവെ സ്റ്റേഷനിൽ ദാരുണമായി മരിച്ചത്. മംഗ്ലളുരു മെയിലിന് നാട്ടിലേക്ക് വരുന്നതിന് റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇതേ സമയം ഒന്നാമത്തെ പ്ലാറ്റ് ഫോമിലൂടെ വേഗത കുറച്ച് മറ്റൊരു ട്രെയിൻ കടന്ന് പോകുന്നുണ്ടായിരുന്നു. മംഗ്ലളുരു മെയിലാണന്ന് തെറ്റിദ്ധരിച്ച് ചാടികയറുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ച് വീണ് മരണം സംഭവിക്കുകയായിരുന്നു.
ഡി.വൈ.എഫ്.ഐ കണ്ണങ്കൈ യൂണിറ്റ് ഭാരവാഹിയായ വിപിൻ ശനിയാഴ്ച ചേരുന്ന പിലിക്കോട് വെസ്റ്റ് മേഖല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് യാത്ര പുറപ്പെട്ടത്. രണ്ട് വർഷം കാസർകോട് സി.പി.സി.ആർ.ഐയിൽ താൽകാലിക ജീവനക്കാരനായിരുന്ന വിപിൻ മൂന്ന് മാസം മുമ്പാണ് കൊയമ്പത്തൂർ അർജുന നാച്ചറൽ കമ്പനിയിൽ കെമിസ്റ്റ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്. നാട്ടിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.
മൃതദേഹം കൊയമ്പത്തൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ശനി) വൈകീട്ട് ഏഴിന് സംസ്കരിക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി റിട്ട: ജീവനക്കാരൻ കെ വി രവീന്ദ്രൻ്റെയും ദിനേശ് ബീഡി തൊഴിലാളി കെ ഗീതയുടെയും മകനാണ്.സഹോദരി: ശ്രുതി.