KeralaNEWS

രണ്ടു ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ കൊച്ചി തീരസംരക്ഷണ സേനയുടെ ഭാഗമായി

ഇന്ത്യയുടെ സമുദ്രസുരക്ഷയ്ക്ക് കരുത്തുപകർന്നുകൊണ്ട് ഇന്ത്യ തദ്ദേശീയമായി നിർമിച്ച MK-III ശ്രേണിയിൽപെട്ട രണ്ടു ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ കൊച്ചി തീരസംരക്ഷണ സേനയുടെ ഭാഗമായി. പരമ്പരാഗത ജലപീരങ്കി സല്യൂട്ട് നൽകി ആചാരപരമായാണ് ഹെലികോപ്റ്ററുകളെ സ്വാഗതം ചെയ്തത്. സേനയുടെ ഭാഗമായതോടെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്താർജിക്കും.

ഭാരത സർക്കാർ പദ്ധതിയായ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തതാണ് MK-III ശ്രേണിയിൽപെട്ട ധ്രുവ് ഹെലികോപ്റ്റർ. ഇതിന്റെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് ഈ ശ്രേണിയിലെ പത്തു ഹെലികോപ്റ്ററുകൾ തീരസംരക്ഷണ സേനയ്ക്ക് നൽകിക്കഴിഞ്ഞു. അത്യാധുനിക സെൻസറുകളും ആയുധങ്ങളും ഉൾക്കൊള്ളുന്ന ഒരു നാവിക ഹെലികോപ്റ്ററാണ് ധ്രുവ് MK III. ഈ ഹെലികോപ്റ്ററുകളിൽ ആധുനിക നിരീക്ഷണ റഡാറും ഇലക്‌ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. പകലും രാത്രിയും ഏതു കാലാവസ്ഥയിലും, ദീർഘദൂര തിരച്ചിലിനും, രക്ഷാ പ്രവർത്തനങ്ങൾക്കും, സമുദ്ര നിരീക്ഷണങ്ങൾക്കും ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാനാകും.

പ്രതിരോധ ആവശ്യങ്ങൾക്കായി ഒരു ഹെവി മെഷീൻഗണ്ണും ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനായി, നീക്കം ചെയ്യാവുന്ന വിധത്തിലുള്ള മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഫ്ളൈയിംഗ് പരിശീലകൻ കൂടിയായ കമാൻഡന്റ് കുനാൽ ചന്ദ്രകാന്ത് നായിക്കാണ് സ്ക്വാഡ്രോന്റെ മേധാവി.

Back to top button
error: