KeralaNEWS

‘ഗൂഢാലോചനയ്ക്ക് തെളിവില്ല, പാതിവെന്ത സത്യങ്ങള്‍കൊണ്ട് കോടതിയെ വിമര്‍ശിക്കരുത്… വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റിന് കോടതിയെ സമീപിക്കാം’

കൊച്ചി: വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.

ദിലീപിനെതിരായ ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവുകളില്ലെന്നാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയത്.

1. പ്രതികൾക്കെതിരേ ക്രിമിനൽ ഗൂഢാലോചന തെളിയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ഇല്ല.

2. ഒരു ഫോൺ ഹാജരാക്കാത്തത് പ്രതികളുടെ നിസ്സഹകരണമായി കണക്കാക്കാനാവില്ല. മറ്റു ഫോണുകൾ പ്രതികൾ ഹാജരാക്കി.

3. പാസ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം.
4. ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം വേണം.
5. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്.
5. അന്വേഷണവുമായി സഹകരിക്കണം.

പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റിന് വേണ്ടി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നു ജസ്റ്റിസ് പി. ഗോപിനാഥ് വിധിയില്‍ വ്യക്തമാക്കി.

മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ, കോടതിക്കെതിരേ പൊതുസമൂഹത്തിൽ ഉയർന്ന വിമർശനങ്ങൾക്കും ഹൈക്കോടതി മറുപടി നൽകി. കോടതി നടപടികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്.
പാതിവെന്ത സത്യങ്ങൾവെച്ച് കോടതിക്കെതിരേ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സംവിധായകന്‍ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിണിച്ചത്.
നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ നടൻ ദിലീപിനും മറ്റും കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ചോദ്യമുയരുന്നത് കോടതിയിൽ പൊലീസും പ്രോസിക്യൂഷനും ഉയർത്തിയ വാദങ്ങളുടെ നിലനിൽപിനെപ്പറ്റിയാണ്.

ദുർബലമായ എഫ്.ഐ.ആർ എന്ന വാദമാണ് തുടക്കം മുതൽ പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. തന്റെ വീട്ടിലിരുന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി നടത്തിയ ചില പരാമർശങ്ങൾ ഒരിക്കലും ഗൂഢാലോചനയല്ല എന്ന അഡ്വ. രാമൻപിള്ളയുടെ വാദം കോടതി അംഗീകരിച്ചു. വിശ്വാസ്യതയുള്ള സാക്ഷിയെ ഹാജരാക്കിയെന്ന പ്രോസിക്യൂഷൻ വാദത്തെ മുഖവിലയ്ക്കെടുത്തില്ലെന്നും വിധിയിൽ വ്യക്തമാകുന്നു.

പ്രതികൾക്കെതിരായി തെളിവുകൾ കണ്ടെടുക്കാൻ ഒന്നുമില്ലെന്ന പ്രതിഭാഗം വാദവും കോടതി അംഗീകരിച്ചു. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ തെളിവുകൾ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് അവകാശപ്പെട്ടെങ്കിലും കോടതിയിൽ നിലനിൽക്കുന്ന എന്തെങ്കിലും ഹാജരാക്കാൻ സാധിച്ചില്ല. ദിലീപ് ഉപയോഗിച്ചെന്നു പറയുന്ന മൊബൈൽ ഫോണുകൾ ഹാജരാക്കാൻ തുടക്കത്തിൽ പ്രതിഭാഗം തയാറായില്ലെങ്കിലും കോടതി നിർദേശത്തിനു വഴങ്ങി അവ ഹാജരാക്കി. ഈ മൊബൈൽ ഫോണുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ മാത്രമേ പരിശോധിക്കാവൂ എന്ന ആവശ്യം മജിസ്ട്രേട്ട് കോടതി അംഗീകരിച്ചത് അത്തരത്തിലുള്ള തെളിവുകളിലേക്ക് എത്തുന്നതിന് അന്വേഷണ സംഘത്തിനു തടസ്സമായി.

പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ പ്രധാനം, ഗൂഢാലോചന നടന്നതായി പറയുന്ന സമയത്ത് ദിലീപിന് ഒപ്പമുണ്ടായിരുന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയാണ്. ഇതിനു തെളിവായി അദ്ദേഹം ഹാജരാക്കിയ ഓഡിയോ റെക്കോർഡുകളുടെ വിശ്വാസ്യതയിൽ കോടതി സംശയം രേഖപ്പെടുത്തിയില്ലെങ്കിലും ഇവ വെറും സംഭാഷണ ശകലങ്ങൾ മാത്രമാണെന്നും എഡിറ്റ് ചെയ്തിട്ടുണ്ടെന്നുമുള്ള ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹാജരാക്കിയ ശബ്ദരേഖ കൃത്യമാണെന്നും ഉറവിടം വിശ്വാസ്യയോഗ്യമാണെന്നുമുള്ള വാദവും കോടതി അംഗീകരിച്ചു.

ദിലീപിൻ്റെ ഓഡിയോ റെക്കോർഡ് ചെയ്ത ടാബ്, കോപ്പി ചെയ്തെന്നു പറയുന്ന ലാപ്ടോപ് എന്നിവ ഹാജരാക്കാൻ ബാലചന്ദ്രകുമാറിനു സാധിച്ചിരുന്നില്ല. ഇതു തെളിവിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നതിലേക്കെത്തി എന്നതു പ്രോസിക്യൂഷനു തിരിച്ചടിയായി.

കേസിലെ എഫ്.ഐ.ആർ നിലനിൽക്കുമോ എന്നത് വരും ദിവസങ്ങളിലെ അന്വേഷണങ്ങളിലും പ്രസക്തമാണ്. സ്വകാര്യ സദസിൽ പറഞ്ഞ കാര്യങ്ങൾ കൊലപാതക ഗൂഢാലോചനയായി കണക്കാക്കാമോ എന്ന ചോദ്യത്തിനും മറുപടി വിധിയിലൂടെ ലഭിച്ചിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന വാദവും കോടതി അംഗീകരിച്ചിട്ടില്ല. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ഒരു തിരിച്ചടി പ്രതീക്ഷിക്കുന്നിടത്തുനിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ഗൂഢാലോചനക്കേസ് എന്ന ആരോപണം ശക്തമായി നിൽക്കെയാണ് ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Back to top button
error: