LIFENewsthen Special

ഇന്നലെവരെ ഈ മനുഷ്യൻ നമുക്ക് ആരായിരുന്നു ?

മെസ്സിയും റൊണാൾഡോയും നെയ്മറും വരെ ആഘോഷിക്കപ്പെടുന്ന ഈ മണ്ണിൽ ശരിക്കും ഇന്നലെ വരെ ഈ മനുഷ്യൻ നമുക്ക് ആരായിരുന്നു? വെറുമൊരു പാമ്പ് പിടുത്തക്കാരൻ ! അതിനാൽത്തന്നെ  അയാൾ വാഴ്ത്തി പാടലുകളിൽ നിന്ന് ഇന്നലെ വരെ ഏറെ അകലെയുമായിരുന്നു.അയാൾ ഏതെങ്കിലും രാജ്യത്തിനായി മെഡലുകൾ ഒന്നും നേടിയതായി അറിവില്ല.പക്ഷെ അയാൾ ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.പത്മശ്രീ പോലുള്ള അവാർഡുകളുടെ തിളക്കത്തിന് ഒരുപക്ഷെ അയാളുടെ മുഖം ചേരാതെ പോയതുമാകാം.

ഇത്രയും കാലത്തെ തന്റെ പൊതുസേവനം വഴി എന്തെങ്കിലും ആദരം അദ്ദേഹത്തിന് കിട്ടിയതായി അറിവില്ല.അതൊന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.പക്ഷെ നൂറു കണക്കിന് ആൾക്കാർ പാമ്പ് കടിയേൽക്കാതെ സന്തോഷത്തോടെ ഇരിക്കുന്നത് അദേഹത്തിന്റെ സ്ത്യുത്യര്‍ഹമായ സേവനം ഒന്നുകൊണ്ട് മാത്രമാണ്.

 

ഏതാനും നാളുകള്‍ മുമ്പ് പത്തനാപുരത്ത് അടച്ചുറപ്പില്ലാത്ത ഒരു വീട്ടിൽ നിലത്ത് ഉറങ്ങിയ പത്ത് വയസ്കാരി പാമ്പ് കടിയേറ്റ് മരണപ്പെട്ടു.ആ വീട്ടിൽ വാവ സുരേഷ് എത്തുകയും തനിക്ക് ഏതോ സംഘടന സ്പോൺസർ ചെയ്ത ലക്ഷങ്ങളുടെ വീട് വേണ്ടന്ന് വച്ച് അത് ആ മോളുടെ ഓർമ്മയ്ക്കായി വീട്ടുകാർക്ക് നല്‍കുകയും ചെയ്തു.അയാൾക്ക് ഇങ്ങനെയും ചില മുഖങ്ങളുണ്ട്.അതും പത്മശ്രീക്കാർ അറിയാതെ പോയതാകാം.

 

വാവ സുരേഷിന് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന് വാഹനം നല്‍കുന്നുണ്ടെന്നും വ്യാജപ്രചരണം നടത്തിയവര്‍ കുറവല്ല.ഇക്കാരണത്താല്‍ പലപ്പോഴും, പല സ്ഥലങ്ങളില്‍ നിന്നും അദ്ദേഹത്തിന് വണ്ടിക്കൂലി പോലുമില്ലാതെ മടങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.ആരോടും അതിനൊരു പരിഭവം അദ്ദേഹം പറഞ്ഞിട്ടുമില്ല.

 

പാമ്പിനെ പിടിക്കുന്നതിനായി കിലോ മീറ്ററുകള്‍ കാറില്‍ വന്നിട്ട്, ഡീസല്‍ കാശ് പോലും കിട്ടാത്ത സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ചില ഇന്റര്‍വ്യൂകളില്‍ കേട്ടിട്ടുണ്ട്.വാവ സുരേഷ് ഈ പണിക്ക് ഇറങ്ങിയത് ധനസമ്പാദനത്തിന് അല്ല.ഈ ഒറ്റ ‘തൊഴില്‍’ കാരണം ഭാര്യ പോലും അയാളെ ഇട്ടിട്ട് പോയി. അടച്ചുറപ്പുള്ള ഒരു വീട് പോലും ഈ മനുഷ്യന് ഉണ്ടോ എന്ന് സംശയമാണ്.വാവ സുരേഷിന് വനം വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തതാണെന്നും എന്നാൽ പിന്നീട് അത് ലഭിച്ചിട്ടില്ലെന്നും കേട്ടിട്ടുണ്ട്.അദ്ദേഹം തന്നെ അത് നിരസിച്ചതാണെന്നും പറയപ്പെടുന്നു.

സമാനതകളില്ലാത്ത മാനസിക പീഡനമാണ് വാവ സുരേഷ് തന്റെ ഇത്രയും കാലത്തെ ജീവിതത്തിനുള്ളിൽ  അനുഭവിച്ചിട്ടുള്ളത്.ഇപ്പോഴും അതിനൊരു കുറവുമില്ല.അതെല്ലാം ഇന്നലെ വരെ മാത്രം ആകട്ടെ എന്ന് പ്രതീക്ഷിക്കുകയാണ്.അല്ല ആഗ്രഹിക്കുകയാണ്.

 

നന്ദി.അഭിമാനം.വാവ സുരേഷ്.അടുത്ത പത്മശ്രീ ക്യാമറകളിലെങ്കിലും താങ്കളുടെ മുഖം പതിയട്ടെ !

Back to top button
error: