LIFENewsthen Special
സാധാരണക്കാർക്ക് വീട് പണിതു നൽകിയ കേരളത്തിന്റെ സ്വന്തം ലാറി ബേക്കർ
(1917 മാർച്ച് 2, ബെർമിങ്ഹാം, ഇംഗ്ലണ്ട് – 2007 ഏപ്രിൽ 1 തിരുവനന്തപുരം, കേരളം)
വാസ്തുശില്‍പ്പത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്.അവിടെയായിരുന്നു
ലോറൻസ് ബേക്കർ എന്ന ലാറി ബേക്കര്‍ സാധാരണക്കാരുടെ പെരുന്തച്ചനായത്.വരേണ്യവര്ഗത് തിന്റെ പിണിയാളുകളായി അധഃപതിക്കാതെ, സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും ആദിവാസിയുടെയും ചേരിനിവാസിയുടെയും ഭവനസങ്കല്‍പ്പങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ ചാരുതയേറ്റുക എന്ന കാലം ആവശ്യപ്പെട്ടിരുന്ന വെല്ലുവിളിയാണ് അക്ഷരാര്‍ഥത്തില്‍ ലാറി ബേക്കര്‍ ഏറ്റെടുത്തതും വിജയകരമായി നടപ്പിലാക്കിയതും.
ചുരുങ്ങിയ ചെലവില്‍, നാടന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൌഹാര്‍ദ, ഊര്‍ജം സംഭരിക്കുന്ന വീടുകള്‍ നാടിന് പ്രതീക്ഷയായി ഉയര്‍ന്നുവന്നു.അതിന് പ്രധാനപ്പെട്ട രണ്ട് കാരണക്കാര്‍ ഉണ്ടായിരുന്നു. ഒന്ന് ബനഡിക്ട് തിരുമേനി(തിരുവല്ല കൂടാരപ്പള്ളി).രണ്ട് മുൻ കേരള മുഖ്യമന്ത്രി സി അച്യുതമേനോന്‍(കോഫി ഹൗസ് കെട്ടിടങ്ങൾ).ഇവരുടെ കരുത്തുറ്റ പിന്തുണയിലാണ് കേരളത്തില്‍ ബേക്കറിന് കാലുറപ്പിക്കാന്‍ സാധിച്ചത്.1970ല്‍ അദ്ദേഹം പണിഞ്ഞ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആസ്ഥാനമന്ദിരം, ലയോള സ്കൂളിനുവേണ്ടി ചെയ്ത കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍ ഇവയൊക്കെ വാസ്തുശില്‍പ്പത്തിന്റെ അമൃതമുദ്രകളായി.
ലാറി ബേക്കറിന്റെ ജീവിതപാത അതീവസങ്കീര്‍ണവും ദുഷ്കരവുമായിരുന്നു.രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ‘പകുതി’ ഡോക്ടറായി ചൈനയില്‍ സന്നദ്ധസേവനത്തിന് മുതിര്‍ന്ന അദ്ദേഹത്തിന്റെ മടക്കയാത്രയില്‍ ഇന്ത്യയില്‍ കുറച്ചുനാള്‍ തങ്ങാനിടയായി.അക്കാലത്ത് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ശ്രവിച്ചത് ജീവിതത്തിന്റെ വഴിത്തിരിവായി.ഹിമാലയന്‍ അടിവാരങ്ങളില്‍ പാവപ്പെട്ടവരുടെ വാസ്തുശില്‍പ്പിയാകാനുള്ള നിയോഗം നല്‍കിയത് ആ വാക്കുകളാണ്.പിന്നീട് നീണ്ട 25 വര്‍ഷങ്ങള്‍ അവരുടെകൂടെ തൊഴിലാളിയായും വാസ്തുശില്‍പ്പിയായും ജോലിചെയ്തു.മണ്ണുമായുള്ള ജൈവബന്ധം അദ്ദേഹം സ്ഥാപിച്ചത് അക്കാലത്താകണം.പിന്നീട് അവിടെവച്ചാണ് ഡോ. എലിസബത്ത് ബേക്കറിന്റെ ജീവിതസഖിയാകുന്നത്. ആ യാത്രയാണ് കേരളത്തിലേക്ക് പില്‍ക്കാലത്ത് അദ്ദേഹത്തെ എത്തിച്ചത്.ശേഷം ബേക്കറിന്റെ കര്‍മജീവിതം ഭാരതത്തിന്റെ ഭവനനിര്‍മാണ സാമൂഹ്യചരിത്രത്തിലെ വിലയേറിയ ഏടുകളായി.
“ചെലവു കുറഞ്ഞ വീട്” എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയായിരുന്നു ലാറി ബേക്കർ. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്. ഇന്ന് ബേക്കറിന്റെ പാത പിന്തുടരുന്ന് നിരവധി ആർക്കിടെക്റ്റുകൾ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ പണിയുന്നുണ്ട്.അതിനെല്ലാം ലാറി ബേക്കർ രീതി എന്ന് പേരു വരത്തക്കവണ്ണം പ്രശസ്തമാണ് ആ വാസ്തുശില്പരീതി.1990-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.